”പൗരത്വ രജിസ്റ്റര്‍ അത്ര വലിയ വിഷയമൊന്നുമല്ല”; ത്രിപുരയില്‍ എന്‍ആര്‍സിയുടെ ആവശ്യമില്ലെന്നും ബിപ്ലബ് ദേബ്

ബിപ്ലബ് കുമാര്‍ ദേബ്

ദില്ലി: അസം ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) വലിയ വിഷയമാക്കേണ്ട കാര്യമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടത് അത്ര വലിയ വിഷയമൊന്നും അല്ലെന്ന് പറഞ്ഞ ബിപ്ലബ്, ത്രിപുരയില്‍ ദേശീയ പൗരത്വ പട്ടികയുടെ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ത്രിപുരയില്‍ പൗരത്വ രജിസ്റ്ററിന്റെ ആവശ്യമില്ല. അവിടെയെല്ലാം ക്രമപ്പടിയാണ് നടക്കുന്നത്. അസമിലും ഇത് വലിയ പ്രശ്‌നമല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് കൈകാര്യം ചെയ്യാന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പ്രാപ്തനാണ്, ബിപ്ലബ് പറഞ്ഞു. പൗരത്വ രജിസ്റ്ററിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പ്രതിപക്ഷത്തിന്റെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണിതെന്നും ആളുകളെ സ്വന്തം രാജ്യത്ത് നിന്നുതന്നെ അഭയാര്‍ത്ഥികളാക്കാനുള്ള നീക്കമാണിതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആഞ്ഞടിച്ചു. അസമില്‍ നിന്ന് ബംഗാളികളെയും ബിഹാറികളെയും കുടിയിറപ്പിക്കാനുള്ള പദ്ധതിയാണെന്ന് പറഞ്ഞ മമത, ഇത് മനുഷ്യാവകാശ പ്രശ്നമായി പരിഗണിക്കണമെന്നും ബിജെപി വോട്ട് രാഷ്ട്രീയം കളിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കരുതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പുറത്തുവന്നത് കരട് പട്ടിക മാത്രമാണെന്നും അന്തിമ പട്ടിക വന്നിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വിശദീകരിച്ചു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിഷയത്തില്‍ കേന്ദ്രത്തിന് യാതൊരു പങ്കുമില്ല, സുപ്രിംകോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. രാജ്നാഥ് സിംഗ് വ്യക്തമാക്കി.

3.29 കോടി ജനങ്ങളില്‍ 2.9 കോടിപ്പേരും ഇന്ത്യന്‍ ജനങ്ങളാണെന്നാണ് പൗരത്വ രജിസ്റ്റര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 40 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്. പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 28 വരെ സമര്‍പ്പിക്കാം. 2017 ഡിസംബര്‍ 31 നായിരുന്നു ആദ്യ പട്ടിക പുറത്തുവിട്ടത്.

ബംഗ്ലാദേശ് പൗരത്വവുമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുമാണ് സുപ്രിം കോടതിയുടെ നേതൃത്വത്തില്‍ അസമില്‍ താമസിക്കുന്നവരുടെ ഇന്ത്യന്‍ പൗരത്വ രജിസ്‌ട്രേഷന്‍ നടപടി ആരംഭിച്ചത്. 1971 മാര്‍ച്ച് 25 ന് മുന്‍പ് അസമില്‍ താമസിക്കുന്ന പൗരന്മാര്‍ക്കാണ് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം.

DONT MISS
Top