വ്യാജ ഹജ്ജുവിസ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി തീര്‍ത്ഥാടകരെത്തിതുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് ഇതുവരെ വ്യാജ ഹജ്ജുവിസകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശത്തുനിന്നെത്തിയ ഹാജിമാരില്‍ വ്യാജ വിസകളില്‍ ആരും ഇതുവരെ എത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യ അറിയിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ചശേഷമാണ് സുലൈമാന്‍ അല്‍ യഹ്‌യ ഇതുസംബന്ധമായി പ്രതികരിച്ചത്.

മുമ്പ് വ്യാജ ഹജ്ജുവിസകളിലെത്തിയ തീര്‍ത്ഥാടകരെ പിടികൂടിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ അങ്ങിനെ വ്യാജ വിസ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചിലര്‍ ബിസിനസ്, വിസിറ്റിംഗ് വിസകളില്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെത്തിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഹജ്ജ് നാളില്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ വിസിറ്റിംഗ് ബിസിനസ് വിസകളില്‍ വന്നിറങ്ങാന്‍ അനുമതിയില്ല. ഹജ്ജു നാളില്‍ ബിസിനസ്, വിസിറ്റിംഗ് വിസകള്‍ സാധാരണയായി നിര്‍ത്തലാക്കിയിട്ടുള്ളതാണെന്നും സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു.

വിമാനത്താവളത്തില്‍ വനിതാ തീര്‍ത്ഥാടകര്‍ക്കുള്ള എമിഗ്രേഷന്‍ കൗണ്ടര്‍, ഹാജിമാര്‍ വിമാനത്താവളത്തിലിറങ്ങുമ്പോഴുള്ള നടപടി ക്രമങ്ങള്‍ എന്നിവ പാസ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ പരിശോധിച്ച് വിലയിരുത്തുകയുണ്ടായി. എല്ലാ പ്രവര്‍ത്തനങ്ങളും നിശ്ചയിച്ചപോലെ നടന്നുവരുന്നതായും സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു. വിമാനത്താവളത്തിലെത്തുന്ന അല്ലാഹുവിന്റെ അതിഥികളായ ഹാജിമാരെ ആഹ്ളാദത്തോടെയും നല്ല സേവനങ്ങള്‍ചെയ്തും സ്വീകരിക്കാന്‍ വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട് വിഭാഗം ഉദ്യോഗസ്ഥരോട് സുലൈമാന്‍ അല്‍ യഹ്‌യ അഭ്യര്‍ത്ഥിച്ചു.

DONT MISS
Top