ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം: ഇന്ത്യന്‍ പ്രതീക്ഷകള്‍ പേറി സിന്ധുവും സൈനയും ശ്രീകാന്തും

ബീജിങ്: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തിരശീല ഉയരും. ചൈനയിലെ നാന്‍ ജിങിലാണ് മത്സരങ്ങള്‍. പിവി സിന്ധുവും സൈനയുമാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകള്‍. കിടംബി ശ്രീകാന്ത്, മലയാളി താരം എച്ച്എസ് പ്രണോയ് എന്നിവരും കിരീടപ്പോരാട്ടത്തിനിറങ്ങുന്നുണ്ട്.

വലിയ ടൂര്‍ണമെന്റുകളുടെ അവസാനഘട്ടങ്ങളില്‍ കാലിടറുന്ന താരങ്ങളാണ് സിന്ധുവും സൈനയും. ഇക്കുറിയെങ്കിലും ആ പതിവിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടാണ് സിന്ധു പരാജയപ്പെട്ടത്. ആ ഫൈനല്‍ ലോകചാമ്പ്യന്‍ഷിപ്പിലെ ക്ലാസിക്കുകളില്‍ ഒന്നായിട്ടാണ് പരിഗണിക്കപ്പെടുന്നത്. 110 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ അവസാന നിമിഷമാണ് സിന്ധു കീഴടങ്ങിയത്.

2015-ലെ ഫൈനലിസ്റ്റായിരുന്നു സൈന നെഹ്‌വാള്‍. കഴിഞ്ഞ വര്‍ഷം സിന്ധു ആറു ചാമ്പ്യന്‍ഷിപ്പുകളില്‍ ഫൈനലില്‍ എത്തിയിരുന്നു. ഇതില്‍ മൂന്നെണ്ണത്തില്‍ കിരീടം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് സിന്ധുവിന്റെ നേട്ടങ്ങള്‍. ആദ്യ റൗണ്ടില്‍ സിന്ധുവിന് ബൈ ലഭിച്ചേക്കും. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരങ്ങളാകും എതിരാളികള്‍. മൂന്നാം റൗണ്ടില്‍ കൊറിയന്‍ താരം സുങ് ജി ഹ്യൂനേ നേരിടും. ഈ മത്സരമായിരിക്കും ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് നിര്‍ണായകമാവുക.

കെ ശ്രീകാന്ത് ( ഫയല്‍ ചിത്രം )

എന്നാല്‍ സൈനയെ കാത്തിരിക്കുന്നത് കടുത്തപോരാട്ടങ്ങളാണ്. ആദ്യ മൂന്ന് റൗണ്ടുകളില്‍ തന്നെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ കരോലിനാ മാരിന്‍, 2013 ലെ ലോകചാമ്പ്യന്‍ റച്‌നോക്ക് ഇന്റനോ എന്നിവരെ നേരിടേണ്ടിവരും. പോയ സീസണില്‍ നാലുകിരീടങ്ങള്‍ നേടിയ ശ്രീകാന്തിന് ഐറീഷുകാരനാണ് ആദ്യ എതിരാളി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top