നാല് നടിമാരുടെയും രാജി ലഭിച്ചെന്ന് അമ്മ, പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡബ്ലുസിസി അംഗങ്ങളെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു. ഓഗസ്റ്റ് ഏഴിനാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയാവശ്യപ്പെട്ട് കത്ത് നല്‍കിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരെയാണ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ നടന്‍മാരായ ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരെയും ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

സംഘടന പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിക്കത്ത് നല്‍കിയ കാര്യം സര്‍ക്കുലറില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് നടിമാര്‍ മാത്രമെ രാജിക്കത്ത് നല്‍കിയിട്ടുള്ളൂവെന്ന് നേരത്തെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് നടിമാര്‍ നിഷേധിച്ച് രംഗത്തെത്തി. ആക്രമണത്തിന് ഇരയായ നടി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.

താരങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പ്രവര്‍ത്തനമേഖലയില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നേരിട്ടാല്‍ ആദ്യം അത് രേഖകള്‍ സഹിതം സംഘടനയെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സംഘടന യുക്തമായ രീതിയില്‍ പ്രശ്‌നപരിഹാരം കാണും. സംഘടനയില്‍ പറയുന്നതിന് മുന്‍പ് മാധ്യമങ്ങളിലൂടെയും മറ്റും പുറത്ത് പറഞ്ഞ് സ്വയം അപഹാസ്യരാകരുത്.

ആക്രമിക്കപ്പെട്ട നടിക്ക് തുടര്‍സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അത് ചോദിച്ചറിയാന്‍ വനിതാ അംഗത്തെ ചുമതലപ്പെടുത്തി. സംഭവം നടന്നതു മുതല്‍ അമ്മ നടിക്ക് ഒപ്പമാണ്. എന്നാല്‍ അമ്മ നടിക്ക് ഒപ്പമല്ല എന്ന പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയിലേക്കും ഇല്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. കത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതിനാല്‍ അതിന്റെ തുടര്‍നടപടികള്‍ക്ക് പ്രസക്തിയില്ല. സര്‍ക്കുലറില്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top