പതിമൂന്നുകാരന് എതിരായ പീഡനം: മെഡിക്കല്‍ കോളെജ് ഡോക്ടര്‍ പ്രതിയായ കേസില്‍ കേരളത്തിന്റെ അവശ്യപ്രകാരം ഇരയുടെ പിതാവിന് സുപ്രിം കോടതിയുടെ പുതിയ നോട്ടീസ്

സുപ്രിം കോടതി

ദില്ലി: തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രശ്‌സ്ത മനഃശാസ്ത്ര കൗണ്‍സിലറുമായ ഡോക്ടര്‍ കെ ഗിരീഷ് പ്രതി ആയ ലൈംഗിക പീഡന കേസിലാണ് ഇരയുടെ പിതാവിന്റെ സാന്നിധ്യം സുപ്രിം കോടതിയില്‍ അനിവാര്യം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ സ്‌കൂളിലെ കൗണ്‍സിലറുടെ നിര്‍ദേശ പ്രകാരം മാതാപിതാക്കളോട് ഒപ്പം എത്തിയ കുട്ടിയെ ബോക്‌സ് പോലുള്ള പസില്‍ കൊടുത്ത ശേഷം ഡോക്ടര്‍ ഗിരീഷ് പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്തു എന്നാണ് കേസ്.

ഡോക്ടര്‍ ഗിരീഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതിയില്‍ ഇരയുടെ പിതാവിന്റെ അഭിഭാഷകര്‍ ഹാജര്‍ ആകുകയും വാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുപ്രിം കോടതിയില്‍ ഡോക്ടര്‍ ഗിരീഷ് നല്‍കിയ ഹര്‍ജിയില്‍ മൂന്നാം എതിര്‍ കക്ഷി ആയ ഇരയുടെ പിതാവിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു എങ്കിലും അദ്ദേഹമോ അദ്ദേഹത്തിന്റെ അഭിഭാഷകരോ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹാജര്‍ ആയിരുന്നില്ല. കോടതി രേഖകള്‍ പ്രകാരം ഇരയുടെ പിതാവിന് ഹര്‍ജിയുടെ പകര്‍പ്പ് ലഭിച്ചതായാണ് കാണുന്നത് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുപ്രധാനമായ ഈ കേസില്‍ ഇരയുടെ പിതാവിന്റെ സാന്നിധ്യം അനിവാര്യം ആണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും സ്റ്റാന്റിംഗ് കൗണ്‍സില്‍ വിപിന്‍ നായരും ചൂണ്ടിക്കാട്ടി.

ഇതേതുടര്‍ന്നാണ് ജസ്റ്റിസ് മാരായ കുര്യന്‍ ജോസഫ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഇരയുടെ പിതാവിന് പുതിയ നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഇരയുടെ പിതാവിന് ഡോ ഗിരീഷ് നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടെ ഡോക്ടര്‍ കെ ഗിരീഷിന് കോടതി നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഡോക്ടര്‍ ഗിരീഷിന് എതിരെ ചുമത്തിയിരിക്കുന്നത്. ഇത്തരം കുറ്റങ്ങള്‍ ചുമത്തപ്പെട്ടവര്‍ക്ക് കോടതികള്‍ സാധാരണ മുന്‍കൂര്‍ ജാമ്യം അനുവദിക്കാറില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ വി ഗിരി കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആരോപണം അടിസ്ഥാന രഹിതം ആണെന്നും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ചഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആകാതിരിക്കാന്‍ മന:പ്പൂര്‍വം കെട്ടിചമച്ചത് ആണെന്നും ആണ് ഡോ ഗിരീഷിന്റെ വാദം. ഡോ ഗിരീഷിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ വി വിശ്വനാഥ് ആണ് കോടതിയില്‍ ഹാജര്‍ ആയത്. നാല് ആഴ്ചക്ക് ശേഷം ഡോ ഗിരീഷിന്റെ ഹര്‍ജി സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top