ബന്ദിപ്പൂര്‍ രാത്രികാല ഗതാഗതം: നിയന്ത്രണത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി

ദില്ലി: ബന്ദിപ്പൂര്‍ രാത്രികാല ഗതാഗതനിയന്ത്രണത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. രാത്രികാല ഗതാഗതത്തിനായി പുതുതായി സമാന്തര പാത ഉണ്ടാക്കണമെന്നും സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ട, ഗോണിഗുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തര പാത ഉപയോഗിക്കണം എന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ ശുപാര്‍ശ.

വയനാട്-മൈസൂര്‍ ദേശീയപാത കടന്ന് കടന്ന് പോകുന്ന ബന്ദിപ്പൂര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിലവില്‍ രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് ഗതാഗത നിരോധനമുള്ളത്. മോട്ടോര്‍ വാഹന നിയമപ്രകാരം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിരോധനം നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതിക്ക് മുമ്പാകെ കേരളം വാദിച്ചിരുന്നു.

എന്നാല്‍ വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പാണ് കേരളത്തിന്റെ വാദം തള്ളി ദേശീയ കടുവ സംരക്ഷണ അതോറിറ്റി സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കടുവ, ആന ഉള്‍പ്പടെ ഏറ്റവും അധികം വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയിലൂടെ രാത്രികാലത്ത് ഗതാഗതം അനുവദിക്കാനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ദിപ്പൂര്‍ വഴിയുള്ള പാത ഒഴിവാക്കി കുട്ട, ഗോണിഗുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തര പാത ഉപയോഗിക്കണമെന്ന് കടുവ സംരക്ഷണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. ഇതിലൂടെ 35 കിലോമീറ്ററിന്റെ അധികം ദൂരം മാത്രമെ വരുന്നുള്ളു. ഈപാത 75 കോടി രൂപ ചിലവിട്ട് നന്നാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വന്യജീവി സംരക്ഷണകേന്ദ്രത്തിലൂടെ അല്ലാതെ പുതിയ നാലുവരിപ്പാത എന്ന ശുപാര്‍ശയും കടുവ സംരക്ഷണ അതോറിറ്റി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാത്രികാല ഗതാഗതനിരോധനത്തില്‍ ഉറച്ചുനില്‍ക്കുന്ന കര്‍ണാടക സര്‍ക്കാരിനെ പിന്തുണച്ചാണ് തമിഴ്നാടിന്റെയും നിലപാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top