എല്‍ഡിഎഫ് വിപുലീകരണം: നിലപാട് അറിയിക്കാന്‍ മുന്നണിയിലെ കക്ഷികള്‍ക്ക് നിര്‍ദേശം

ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണം സംബന്ധിച്ച അഭിപ്രായമറിയിക്കാന്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് എല്‍ഡിഎഫ് നേതൃയോഗത്തിന്റെ നിര്‍ദേശം. ഘടകകക്ഷികള്‍ അവരവരുടെ ഫോറത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് സഹകരിക്കുന്ന പാര്‍ട്ടികളില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നതടക്കമുള്ള തീരുമാനം അറിയിക്കണം. പുറത്തു നില്‍ക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി.

പുറത്ത് നിന്ന് പിന്തുണ നില്‍ക്കുന്ന പാര്‍ട്ടികള്‍ മുന്നണിപ്രവേശനം സംബന്ധിച്ച ആവശ്യം നാളുകളായി ഉന്നയിക്കുന്നതാണെങ്കിലും അജണ്ട എല്‍ഡിഎഫ് നേതൃയോഗം പരിഗണിക്കുന്നത് ആദ്യമാണ്. മുന്നണിയ്ക്കുള്ളിലെ മറ്റു പാര്‍ട്ടികള്‍ക്കുള്ളിലും ഇതെക്കുറിച്ച് ചര്‍ച്ചകളുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഘടകകക്ഷികള്‍ അവരുടെ ഫോറങ്ങളില്‍ കൂടി ചര്‍ച്ച നടത്തി അഭിപ്രായമറിയിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ പൊതുധാരണയുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഹകരിക്കുന്ന പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യോഗത്തിന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

സഹകരിക്കുന്ന പാര്‍ട്ടികളില്‍ ആരെയൊക്കെയാണ് പരിഗണിക്കേണ്ടത് എന്നത് സംബന്ധിച്ച് മുന്നണിക്കുള്ളില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ചെറുപാര്‍ട്ടികളെ ഒരുമിപ്പിച്ച് മുന്നണിയിലേക്കെത്തിക്കാന്‍ സിപിഐഎം നേതൃത്വം പദ്ധതിയിട്ടിരുന്നുവെങ്കിലും ഇത് ലക്ഷ്യത്തിലേക്കെത്തിയില്ല. ആര്‍ ബാലകൃഷ്ണപിള്ള, സ്‌കറിയാ തോമസ് വിഭാഗങ്ങള്‍ ലയിക്കാന്‍ തീരുമാനിച്ചുവെങ്കിലും പിന്നീട് അതിലും അഭിപ്രായഭിന്നതകള്‍ ഉടലെടുത്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്നണിവിപുലീകരണ ചര്‍ച്ചകള്‍ അടുത്ത എല്‍ഡിഎഫ് യോഗത്തിലേക്ക് മാറ്റി വെയ്ക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

ഈ സമയപരിധിക്കുള്ളില്‍ ചെറുപാര്‍ട്ടികളുടെ ലയനസാധ്യത വീണ്ടും സജീവമാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണയുണ്ടായതായും സൂചനയുണ്ട്. 94 മുതല്‍ മുന്നണിക്കൊപ്പം സഹകരിക്കുന്ന ഐഎന്‍എല്‍, മുന്‍പ് മുന്നണിയുടെ ഭാഗമായിരുന്ന വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരളകോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ് എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിഗണന ലഭിക്കാനിടയുള്ളത്.

അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയതെക്കെതിരെ വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും കേന്ദ്രഅവഗണനയ്‌ക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങള്‍ ആരംഭിക്കാനും ഇടതുമുന്നണിയോഗം തീരുമാനമെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top