ഖത്തര്‍ ലോകകപ്പിലും ടിറ്റെ തുടരും; ബ്രസീലുമായുള്ള കരാര്‍ പുതുക്കി

ബ്രസീലിയ: ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ടീമുമായുള്ള കരാര്‍ പുതുക്കി. പരിശീലകനുമായുള്ള കരാര്‍ നാലുവര്‍ഷത്തേക്ക് നീട്ടിയതായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെയാണ് അറിയിച്ചത്. ഇതോടെ 2022 ലെ ഖത്തര്‍ ലോകകപ്പിലും ടിറ്റെയ്ക്ക് കീഴിലായിരിക്കും ബ്രസീല്‍ അണിനിരക്കുക.

2016 ജൂണിലാണ് ബ്രസീല്‍ ടീമിന്റെ പരിശീലകനായി ടിറ്റെ ചുമതലയേല്‍ക്കുന്നത്. റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായെങ്കിലും യോഗ്യതാ റൗണ്ടിലും, സൗഹൃദ മത്സരങ്ങളിലുമെല്ലാം ടീം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ദീര്‍ഘകാല പദ്ധതി മുന്നില്‍ക്കണ്ടുകൊണ്ടാണ് ടിറ്റെയെ നിലനിര്‍ത്തുന്നതെന്നും, അതിലൂടെ ടീമിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിലപാട്.

ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും, അടുത്ത ടൂര്‍ണമെന്റിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ടിറ്റെ പ്രതികരിച്ചു. 2019 ലെ കോപ്പ അമേരിക്കയാണ് ബ്രസീലിന് മുന്നിലുള്ള വലിയ ടൂര്‍ണമെന്റ്. അതിനിടയില്‍ സെപ്തംബറില്‍ അമേരിക്കയുമായുള്ള സൗഹൃദ മത്സരവും നടക്കും.

DONT MISS
Top