പാകിസ്താനിന്‍ ബോംബ് സ്‌ഫോടനം; വോട്ടെടുപ്പ് ദിനത്തില്‍ കൊല്ലപ്പെട്ടത് 29 പേര്‍

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വോട്ടെടുപ്പിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ക്വറ്റയിലെ പോളിംഗ് ബൂത്തിനു പുറത്ത് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.  കൊല്ലപ്പെട്ടവരില്‍ അഞ്ച് പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. 30 ഓളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു.

പൊലീസ് വാഹനത്തിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ചാവേര്‍ പോളിംഗ് ബൂത്തിന്റെ  അകത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും എന്നാല്‍ പൊലീസ് അത് തടഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് യോഗത്തിലും റാലികള്‍ക്ക് നേരെയും അക്രമങ്ങള്‍ നടന്നതിനാല്‍ വോട്ടെടുപ്പ് ദിനമായ ഇന്ന് കനത്തസുരക്ഷാണ് പാകിസ്താനില്‍ ഒരുക്കിയിരുന്നത്. 449465 പൊലീസുകാര്‍ക്ക് പുറമെ 370000 സൈനികരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

85307 പോളിംഗ് ബൂത്തുകളിലായി മൊത്തം 849 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷഹബാസ് ഷെരീഫ് നയിക്കുന്ന പിഎംഎല്‍എന്‍, ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇന്‍സാഫ്, ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ കക്ഷികള്‍ തമ്മിലാണ് പ്രധാന പോരാട്ടം.

DONT MISS
Top