പ്രവര്‍ത്തനം കാര്യക്ഷമമല്ല, മൂന്നാര്‍ ട്രിബ്യൂണല്‍ നിര്‍ത്തലാക്കുന്നു

ഫയല്‍ ചിത്രം

തിരുവന്തപുരം: മൂന്നാര്‍ ട്രൈബ്യൂണല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതിനുള്ള പ്രാരംഭനടപടികള്‍ ഉടന്‍ ആരംഭിക്കും. ട്രിബ്യൂണലിന്റെ നടപടികള്‍ തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍ നേരത്തേ വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത്‌ വിവരം വെളിപ്പെടുത്താനും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

സര്‍ക്കാര്‍ ഭൂമി സംബന്ധമായ കേസുകള്‍ പരിഹരിക്കുന്നതില്‍ ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്. നേരത്തേ ഇത് സംബന്ധിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ റവന്യൂ മന്ത്രി ഇതില്‍ തടസവാദങ്ങളുന്നയിച്ചിരുന്നു. കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഹരിത ട്രിബ്യൂണല്‍ മാതൃകയില്‍ സംവിധാനം ഉടച്ചു വാര്‍ക്കണമെന്ന നിര്‍ദേശങ്ങളും തള്ളിയാണ് സര്‍ക്കാര്‍ തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.

കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുകയും കോടതികളില്‍ തീര്‍പ്പാക്കാതെ നീളുകയും ചെയ്തതോടെയാണ് വിഎസ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ കോടതി സ്ഥാപിച്ചത്. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ എട്ട് വില്ലേജുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. 2011 ല്‍ ആരംഭിച്ച ട്രിബ്യൂണല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉദ്ദേശിച്ച ഒരു ഫലവുമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയമങ്ങള്‍ നടപ്പിലാക്കുന്ന രീതിയിലെ അവ്യക്തതയാണ് കോടതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്.

എല്‍ഡിഎഫ് യോഗത്തില്‍ സിപിഐഎം തന്നെയാണ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. കാലവര്‍ഷക്കെടുതി സംബന്ധിച്ച നഷ്ടപരിഹാരം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. നാശനഷ്ടം പൂര്‍ണമായി വിലയിരുത്തിയ ശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന് യോഗം വിലയിരുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വത്ത് വിവരം വെളിപ്പെടുത്തി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി.

DONT MISS
Top