ലൈംഗിക പീഡനം: വൈദികന്‍ ജോബ് മാത്യുവിന് ജാമ്യം

കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയെ പിടിച്ചുലച്ചിരിക്കുന്ന ലൈംഗിക പീഡന കേസിലെ രണ്ടാം പ്രതിയായ വൈദികന്‍ ജോബ് മാത്യുവിന് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി ജോണ്‍സണ്‍ വി മാത്യുവിനും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കണം, ആഴ്ചയില്‍ രണ്ട് ദിവസം സ്‌റ്റേഷനില്‍ ഹാജരാകണം, ഇരയെയോ അവരുടെ ബന്ധുക്കളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജൂലൈ 12 നാണ് ജോബ് മാത്യു കൊല്ലം പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. പിന്നീട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ എബ്രഹാം മാത്യു, സോണി വര്‍ഗീസ് എന്നിവരുടെ ജാമ്യാപേക്ഷ വാദം കേട്ട ശേഷം സുപ്രിം കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വിധി പറയുന്നത് വരെ ഇരുവരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞിട്ടുണ്ട്.

DONT MISS
Top