സിപിഐഎം പ്രാദേശിക നേതാവിന്റെ കുടുംബം ഉള്‍പ്പെട്ട വായ്പാതട്ടിപ്പ് കേസ്; പരാതിക്കാരി കളക്ട്രേറ്റിനു മുന്നില്‍ ഉപവാസ സമരം ആരംഭിച്ചു

ആമിന

കൊല്ലം: കൊല്ലത്തെ സിപിഐഎം പ്രദേശിക നേതാവിന്റെ കുടുംബ ഉള്‍പ്പെട്ട വായ്പ തട്ടിപ്പ് കേസിലെ പരാതിക്കാരി കളക്ട്രേറ്റിന് മുന്നില്‍ ഉപവാസ സമരം ആരംഭിച്ചു. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് വിധവയായ വീട്ടമ്മയും കുടുംബവും കളക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. കളക്ടറുമായുള്ള ചര്‍ച്ചയ്ക്കിടെ പരാതിക്കാരി കുഴഞ്ഞുവീണു. അതേ സമയം പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ചാണ് കുരിപ്പുഴ സ്വദേശിനിയും വിധവയുമായ ആമിന മോഹന്‍ കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളും മാതാപിതാക്കളും ആമിനയ്‌ക്കൊപ്പം ഉപവാസ സമരം നടത്തി. തുടര്‍ന്ന് ഇവരെ ചേംബറിലേക്ക് വിളിച്ചു വരുത്തി കളക്ടര്‍ ചര്‍ച്ച നടത്തി. ഇതിനിടെ കുഴഞ്ഞു വീണ ആമിനയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിറ്റി പൊലീസ് കമ്മീഷണറോട് പ്രശ്‌നം ചര്‍ച്ച ചെയ്‌തെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചതായും കളക്ടര്‍ എസ് കാര്‍ത്തികേയന്‍ പറഞ്ഞു. ആമിനയുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗം ചെയ്തും വ്യാജ ഒപ്പിട്ടും സിപിഐഎം ശക്തികുളങ്ങര സൗത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായിരുന്ന എസ് ശശിധരന്റെ ഭാര്യയും കുടുംബവും ചേര്‍ന്ന് സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് ഒന്‍പതര ലക്ഷം രൂപ വായ്പ എടുത്തെന്നാണ് പരാതി. കുടുംബശ്രീ എഡിഎസായിരുന്ന ജയശ്രീയെ ഒന്നാം പ്രതിയാക്കി ശക്തികുളങ്ങര പൊലീസ് കഴിഞ്ഞ മാസം അവസാനം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

DONT MISS
Top