പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുമെന്ന് ബിജെപി എംഎല്‍എ

രാജ സിംഗ്

ഹൈദരാബാദ്: പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുമെന്ന്  തെലുങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിംഗ്. രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊന്ന സംഭവത്തില്‍ പ്രതികരിക്കവെയാണ് രാജ സിംഗ് വിവാദ പ്രസ്താവന നടത്തിയത്.

ഹൈദരാബാദിലെ ഗോശാമഹല്‍ എംഎല്‍എയാണ് രാജ സിംഗ്. സമൂഹമാധ്യമങ്ങില്‍ വീഡിയോ സന്ദേശം വഴിയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന. പശുവിനെ രാഷ്ട്രമാതാവാതായി പ്രഖ്യാപിച്ചാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും ഇല്ലാതാകും. അതിനാല്‍ എംപിമാര്‍ പശുവിനെ രാഷ്ട്രമാതാവാക്കുന്നതിനുള്ള ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണം എന്നും ഏഴു മിനിട്ടു ദൈര്‍ഘ്യമുള്ള കുറിപ്പില്‍ പറയുന്നു.

പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന ആവശ്യത്തെ പ്രധാനമന്ത്രിയും പിന്തുണക്കണം. പശുക്കളെ സംരക്ഷിക്കുന്നതിനായി ഒരു വകുപ്പും നിയമവും കൊണ്ടുവരണം. എല്ല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കണം. അതുവരെ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് തുടരും. പശുക്കടത്തുകാര്‍ പശു സംരക്ഷകര്‍ക്ക് നേരെ നടത്തുന്ന ആക്രമങ്ങളില്‍ ആരും പ്രതിഷേധിക്കുന്നില്ലെന്നും രാജ സിംഗ് പറഞ്ഞു.

ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അവസാനിക്കും എന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും പറഞ്ഞിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങളും ഇല്ലാതാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

DONT MISS
Top