അധിക, (അനുബന്ധ) (പുതിയ) സത്യവാങ്മൂലമോ? അതോ വായിച്ചു നിര്‍ത്തിയ മൂന്നാം പേജിലെ രണ്ടാമത്തെ പാരഗ്രാഫില്‍ നിന്ന് വായന പുനരാരംഭിക്കുമോ? ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുമ്പോള്‍ സിംഗ്‌വി ഇന്ന് ഭരണഘടന ബെഞ്ചിന് മുമ്പാകെ നിരത്തുന്നത് എന്താകും?

ദില്ലി: അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ ചീഫ് ജസ്റ്റിസ് കോടതിയിലെ വൃത്താകൃതിയില്‍ ഉള്ള ക്‌ളോക്കില്‍ കൃത്യം 11.30 ആകുമ്പോള്‍ കോടതിയില്‍ നടക്കാന്‍ പോകുന്ന നടപടിക്രമങ്ങള്‍ ഇങ്ങനെ ആകും.

അഞ്ച് ഡെഫേദാര്‍മാര്‍ ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് കടന്ന് വരും. ജഡ്ജിമാരുടെ കസേരയ്ക്ക് പിന്നില്‍ അവര്‍ സ്ഥാനം പിടിക്കും. തൊട്ട് പിന്നാലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവര്‍ വരിയായി കോടതിയിലേക്ക് കടന്ന് വരും. പിന്നീട് അഭിഭാഷകരെ നോക്കി കൂപ്പ് കൈ. ജഡ്ജിമാര്‍ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നതും ഡെഫേദാര്‍മാര്‍ കോടതിക്ക് പുറത്തേക്ക് പോകും. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഉള്ള ജഡ്ജിമാര്‍ മുന്നില്‍ ഉള്ള പേപ്പര്‍ ബുക്ക് തുറക്കും. പതിഞ്ഞ സ്വരത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറയും. ‘യെസ്’

ഇത് വരെ അനായാസം പ്രവചിക്കാം. എന്നാല്‍ ഇനി അങ്ങോട്ട് എന്ത് സംഭവിക്കും എന്ന് പ്രവചിക്കുക അസാധ്യമാണ്. കാരണം കാര്യങ്ങള്‍ അത്രത്തോളം സങ്കീര്‍ണ്ണമാണ്.

എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആണ് ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഒരു മണിക്ക് ഭരണഘടന ബെഞ്ച് ഉച്ച ഊണിനായി എണീക്കുന്ന വേളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഡോ അഭിഷേക് മനു സിംഗ്‌വി ആയിരുന്നു കേസില്‍ വാദിച്ച് കൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ ഇന്ന് പുനഃരാരംഭിക്കുമ്പോള്‍ ഡോ സിംഗ്‌വിയുടെ വാദം തന്നെ തുടരും.

എന്നാല്‍ സിംഗ്‌വി എന്ത് വാദിക്കും എന്നതിലാണ് സസ്‌പെന്‍സ്? ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് നിലവിലുഉള്ള നിയന്ത്രണങ്ങള്‍ തുടരണം എന്ന് വ്യക്തമാക്കി 18 പേജ് ദൈര്‍ഘ്യം ഉള്ള റിട്ടണ്‍ സബ്മിഷന്‍ വ്യാഴാഴ്ച കോടതിക്ക് കൈമാറിയിരുന്നു. ഈ സബ്മിഷന്റെ മൂന്നാം പേജിലെ രണ്ടാം പാരഗ്രാഫ് വായിച്ച് കൊണ്ടിരുന്നപ്പോളാണ് ഭരണഘടന ബെഞ്ച് പിരിഞ്ഞത്. സ്വാഭാവികമായും മൂന്നാം പേജിന്റെ രണ്ടാം പാരഗ്രാഫില്‍ നിറുത്തിയ വരിയില്‍ നിന്നാണ് ഡോ സിംഗ്‌വി ഇന്ന് ആരംഭിക്കേണ്ടത്.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്ന നിലപാട് സിംഗ്‌വി വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത് വിവാദം ആയിരുന്നു. ഇത് കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ നിലപാട് എന്നാണ് പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അവകാശപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരുകയും കോടതിയില്‍ പുതുതായി അറിയിക്കേണ്ട നിലപാട് തയ്യാറാക്കി എന്നും പിന്നീട് മാധ്യമ വാര്‍ത്ത കണ്ടു. പക്ഷേ നിലപാട് എന്താണ് എന്ന് മാത്രം ഇത് വരെയും വ്യക്തമായിട്ടില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുബന്ധ സത്യവാങ്മൂലം കോടതിയില്‍ കൊടുക്കും എന്നും മാധ്യമങ്ങളില്‍ നിന്ന് വായിച്ചു. എന്താണ് ഈ അനുബന്ധ സത്യവാങ്മൂലം എന്നും അറിയില്ല. ഭരണഘടന ബെഞ്ചിന് മുമ്പാകെ ഡോ സിംഗ്‌വി നല്‍കിയത് റിട്ടണ്‍ സബ്മിഷനാണ്. സത്യവാങ് മൂലം ഇത് വരെയും നല്‍കിയിട്ടില്ല. അത് കൊണ്ടാണ് ഈ അധിക സത്യവാങ്മൂലം, അനുബന്ധ സത്യവാങ്മൂലം, പുതിയ സത്യവാങ്മൂലം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍. ഇനി ഇങ്ങനെ എന്തെങ്കിലും ഒക്കെ കൊടുക്കുന്നതിനും തടസ്സം ഒന്നും ഉള്ളതായിട്ട് അറിയില്ല.

ഒന്നുകില്‍ ഡോ സിംഗ്‌വി നേരത്തെ നല്‍കിയ റിട്ടണ്‍ സബ്മിഷനിലെ മൂന്നാം പേജില്‍ നിന്ന് തുടങ്ങും. അല്ലെങ്കില്‍ നേരത്തെ നല്‍കിയ റിട്ടണ്‍ സബ്മിഷന്‍ പിന്‍വലിച്ച് പുതിയത് നല്‍കി അത് ആദ്യം മുതല്‍ വായിക്കും. രണ്ടാമത്തെ സാഹചര്യം ആണ് ഉണ്ടാകുന്നത് എങ്കില്‍ അത് രസകരമായ ഒരു ട്വിസ്റ്റ് ആണ്. ഭരണഘടന ബെഞ്ചിന് മുമ്പാകെ ആദ്യം ഒരു നിലപാട് വാദിക്കുക. മൂന്ന് ദിവസത്തിന് അവധിക്ക് ശേഷം, പഴയ നിലപാട് അല്ല പുതിയ നിലപാട് എന്ന് പറഞ്ഞ് വേറെ ഒരു നിലപാട് അറിയിക്കുക. എന്തായാലൂം സിംഗ്‌വിയുടെ കയ്യില്‍ എന്താണ് എന്ന് അറിയാന്‍ കാത്തിരിക്കാം 11.30 വരെ.

ഡോ സിംഗ്‌വി സുപ്രിം കോടതിയില്‍ വ്യാഴാഴ്ച നല്‍കിയ റിട്ടണ്‍ സബ്മിഷന്‍ പഴയ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് തയ്യാറാക്കിയ ഏതോ കടലാസ്സ് കഷ്ണം ആണെന്ന വാദത്തോട് എനിക്ക് വ്യക്തി പരമായ വിയോജിപ്പ് ഉണ്ട്. ആ കടലാസ്സ് കഷ്ണം തയ്യാറാക്കിയത് ജൂലൈ 19 തീയ്യതി രാവിലെ ആയിരുന്നു. അന്ന് വൈകിട്ട് തന്നെ ഞാന്‍ അത് വാര്‍ത്ത ആക്കുകയും ചെയ്തിരുന്നു. അന്ന് പലരും വാര്‍ത്ത നിഷേധിച്ചു എങ്കിലും അതാണ് പിന്നീട് സത്യമായി വന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top