പകര്‍ച്ചവ്യാധി ഭീഷണിയില്‍ കുട്ടനാട്; വെള്ളം ഇറങ്ങുമ്പോഴും പ്രളയക്കെടുതികള്‍ക്ക് കുറവില്ല

ആലപ്പുഴ: വെള്ളം കുറയുന്നുണ്ടെങ്കിലും പ്രളയക്കെടുതികള്‍ക്ക് കുറവില്ലാതെ കുട്ടനാട്. വെള്ളം ഇറങ്ങുന്തോറും ദുരിതം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കുട്ടനാടന്‍ ജനത ഓരോ ദിവസവും മുന്നോട്ടു പോകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ക്യാമ്പുകളില്‍ അര ലക്ഷത്തിലേറെ ആളുകളാണ് കഴിയുന്നത്. വെള്ളമിറങ്ങുമ്പോള്‍ ഉണ്ടാകുന്ന പകര്‍ച്ച വ്യാധികളാണ് ഇനി ഇവര്‍ക്ക് മുന്നിലെ വെല്ലുവിളി

ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരമില്ല. കുട്ടനാട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. പുറം ലോകവുമായി യാതൊരു ബന്ധമില്ല.
അതിരൂക്ഷമായ വെള്ളപ്പൊക്കത്തില്‍ സര്‍വ്വതും നശിച്ചു. കുടിക്കാന്‍ ശുദ്ധജലമോ, ആവശ്യത്തിന് ഭക്ഷണമോ, വാര്‍ത്ത വിനിമയ സൗകര്യങ്ങളോ ഇല്ലാതെ ആയിരക്കണക്കിന് ജനങ്ങള്‍ ഒറ്റപ്പെട്ടു കഴിയുന്നു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യമില്ലാതെ അര ലക്ഷത്തിലേറെ ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ദുരിതബാധിതരുടെ പരാതിയെത്തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ ക്യാമ്പുകളില്‍ എത്തിച്ച് തുടങ്ങി. രണ്ട് ദിവസം മഴമാറി നിന്നപ്പോള്‍ ഒന്നരയടിയോളം വെള്ളം ഇറങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ കുട്ടനാടിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്കും നിലച്ചെങ്കിലും ജനങ്ങളുടെ ദുരിതത്തിന് ശമനമില്ല. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വെള്ളമിറങ്ങുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതകളേറെയുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. വര്‍ഷങ്ങളുടെ സമ്പാദ്യമെല്ലാം പ്രളയക്കെടുതിയില്‍ ഒലിച്ച് പോയി. മണ്ണിനോടും, വെള്ളത്തിനോടും മല്ലടിച്ച് ജീവിതം കെട്ടിപ്പടുത്ത കുട്ടനാടന്‍ ജനതയുടെ ദുരിതത്തിന് പരിഹാരം കാണാന്‍ ഇനിയും മാസങ്ങളെറെ വേണ്ടിവരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top