ആള്‍ക്കൂട്ട കൊലപാതകം: നിയമനിര്‍മ്മാണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്‌നാഥ് സിംഗിന് പുറമെ മന്ത്രിമാരായ സുഷ്മ സ്വരാജ്, നിധിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, തവാര്‍ചന്ദ് ഗലോട്ട് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നേരിടുന്നതിനായുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിയമനിര്‍മ്മാണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര സെക്രട്ടറി മന്ത്രിതല സമിതിക്ക് സമര്‍പ്പിക്കുകയും, പിന്നീട് സമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനുമാണ് തീരുമാനം.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഉന്നതല സമിതി രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പശു സംരക്ഷണത്തിന്റെ പേരില്‍ ഉള്‍പ്പടെ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതങ്ങളും അക്രമങ്ങളും തടയുന്നതിനും അക്രമകാരികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

ഭയാനകമായ ഇത്തരം അക്രമങ്ങള്‍ അപലപനീയമാണെന്നും ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും സമൂഹത്തില്‍ ബഹുസ്വരത ഉറപ്പാക്കേണ്ടതും ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നാലാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നും അതിന്റെ റിപ്പോര്‍ട്ട് സുപ്രിം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പൂനവാല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top