മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മക്കയില്‍ എത്തിതുടങ്ങി

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി ഇന്ത്യയില്‍നിന്നും മദീനയിലെത്തിയ പ്രഥമ ഇന്ത്യന്‍ ഹാജിമാരുടെ സംഘം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിതുടങ്ങി. ഇന്നു മുതല്‍ മക്കയിലെത്തിതുടങ്ങിയ ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ്മിഷന്റെയും മക്കയിലെ വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.

മികച്ച സേവന സൗകര്യങ്ങളാണ് ഹാജിമാര്‍ക്ക് ഒരുക്കിയിട്ടുള്ളതെന്നും ഹാജിമാരുടെ സുരക്ഷാ കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുണ്ടെന്നും മക്കയില്‍ ഹാജിമാരെ സ്വീകരിച്ചുകൊണ്ട് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് പറഞ്ഞു. മക്കയില്‍ ഹാജിമാരെ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു കോണ്‍സുല്‍ ജനറല്‍. ഹാജിമാര്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നേരത്തെകാലത്തെ ഒരുക്കിയിരുന്നു. ഒരു ഹാജിക്കുപോലും ഒരു പ്രയാസവുമില്ലാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തിവരുന്നുവെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം, മക്ക ഹജ്ജ് മിഷന്‍ ഓഫിസ് ഇന്‍ചാര്‍ജ്ജ് അസിഫ് സഈദ് തുടങ്ങിയവരും ഹാജിമാരെ സ്വീകരിക്കാനെത്തിയിരുന്നു.

ഇന്ന് രാവിലെ സൗദി സമയം ഏഴരയോടെയാണ് ഹാജിമാരുടെ പ്രഥമ സംഘം മദീനയില്‍നിന്നും പുറപ്പെട്ടത്. ജുലൈ 14ന് ഇന്ത്യയില്‍നിന്നെത്തിയ 3746 പേരടങ്ങിയ സംഘമാണ് മദീന സന്ദര്‍നം പൂര്‍ത്തിയാക്കി ഇന്ന് മക്കയിലെത്തിയത്. ഉച്ചക്ക് മൂന്ന് മണിയോടെ സംഘം മക്കയിലെത്തി. മക്കയിലെ അസീസിയ്യാ കാറ്റഗറിയിലെ ഇരുപത്തി മൂന്നാം നമ്പര്‍ കെട്ടിടത്തിലാണ് ഇന്ന് മദിനയില്‍നിന്നും മക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജുസംഘത്തിലുള്ളവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
മക്കയിലെത്തിയ ഹാജിമാര്‍ക്ക് റൊട്ടിയും ഡാലും വെള്ളവുമടങ്ങിയ കിറ്റ് മക്കാ കെഎംസിസി ഹജജ് സെല്‍ വിതരണം ചെയ്തു. കുഞ്ഞുമോന്‍ കാക്കിയ മുജീബ് പൂക്കോട്ടൂര്‍, നാസര്‍ കിന്‍സാറ, മുസ്തഫ മുഞ്ഞക്കുളം, മജീദ് കൊണ്ടോട്ടി, നാസര്‍ ഉണാല്‍, ഹംസ മണ്ണാര്‍മല, കുഞ്ഞാപ്പ വുക്കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മറ്റ് വിവിധ സംഘടനകളും ഹാജിമാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

DONT MISS
Top