ഷിഗല്ലെ ബാധ: കോഴിക്കോട് രണ്ട് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗല്ലെ വൈറസ് ബാധ ആശങ്ക പരത്തുന്നു. ഷിഗല്ലെ ബാധയെ തുടര്‍ന്ന് കോഴിക്കോട് പുതുപ്പാടിയില്‍ രണ്ട് വയസുകാരന്‍ മരിച്ചു. പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ടസഹോദരന്‍ സയാന്‍ ഇതേ രോഗം ബാധിച്ച് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.

നിപ ബാധ പരത്തിയ ആശങ്കയ്ക്ക് പിന്നാലെയാണ് കോഴിക്കോട് ഷിഗല്ലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികത്സയില്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയ്ക്ക് ഷിഗല്ലെ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഈ വര്‍ഷം നാലുപേര്‍ക്കാണ് ഷിഗല്ലെ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോടും തിരുവനന്തപുരത്തും രണ്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.

പ്രത്യേകതരം വയറിളക്ക രോഗമാണ് ഷിഗല്ലെ. മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയാണ് രോഗഹേതു. ഈ ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് രോഗം പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും മാത്രമെ രോഗത്തെ പ്രതിരോധിക്കാനാകൂ. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top