പുഴയും കനാലും പാടശേഖരങ്ങളും കവിഞ്ഞെത്തിയ പ്രളയജലത്തില്‍ ആലപ്പുഴ ചങ്ങനാശേരി റോഡ് മുങ്ങിയിട്ട് ഒരാഴ്ച്ച

പുഴയും കനാലും പാടശേഖരങ്ങളും കവിഞ്ഞെത്തിയ പ്രളയജലത്തില്‍ ആലപ്പുഴ ചങ്ങനാശേരി റോഡ് മുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. റോഡുഗതാഗതം പൂര്‍ണമായി നിലച്ചിട്ട് ആറ് ദിവസവും. ഇപ്പോഴും റോഡിലൂടെ പോകാന്‍ വള്ളങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്കാശ്രയം.

തുടര്‍ച്ചയായ മഴയില്‍ പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയാണ് എസി റോഡിനെ വെള്ളക്കെട്ടിലാക്കിയത്. കളര്‍കോട് മുതല്‍ പെരുന്നവരെയുള്ള ഭാഗങ്ങളില്‍ കര കാണുന്നത് ചുരുക്കം. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും എസി റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഇനിയും വൈകും.

കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡ് പലഭാഗത്തും തകര്‍ന്നനിലയിലാണ്. വള്ളങ്ങളും ട്രാക്ടറുകളും മാത്രമാണ് റോഡിലൂടെ പോകുന്നത്. റോഡിനുസമീപത്തെ കടകളും ഹോട്ടലുകളും പെട്രോള്‍ പമ്പുകളുംവരെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു.

കുട്ടനാടിനെ കോട്ടയവും അലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ജീവനാഡിയാണ് ഈ പാത. ഇതിലൂടെയുള്ള ഗതാഗതം നിലച്ചതോടെ ഒറ്റപ്പെട്ട കുട്ടനാട് ഇപ്പോഴും അതേ അവസ്ഥയില്‍ തന്നെ. 24.2 കിലോമീറ്റര്‍ നീളമുള്ള എസി റോഡില്‍ ഇനിയെന്ന് വാഹനഗതാഗതം പുനരാരംഭിക്കുമെന്നതു സംബന്ധിച്ച് അധികൃതര്‍ക്കും ഉത്തരമില്ല.

DONT MISS
Top