ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്യം 20 മണ്ഡലങ്ങളും; ചെങ്ങന്നൂര്‍ മാതൃകയാക്കാന്‍ സിപിഐഎം

തിരുവനന്തപുരം: അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ, 20 സീറ്റുകളും ലക്ഷ്യമിടാന്‍ സിപിഐഎം തീരുമാനം. സംസ്ഥാന നേതൃത്വതല ശില്‍പശാലയിലാണ് ഇത്തരമൊരു നിര്‍ദ്ദേശമുയര്‍ന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലേയും സെക്രട്ടറിമാര്‍തൊട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് വരെയുള്ള നേതാക്കാന്മാരെല്ലാം പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ മുഴുവന്‍ സമയവും സംബന്ധിച്ചു. 2004ലെ ലോക്‌സഭാ ഇലക്ഷനില്‍ 18 സീറ്റുകളും നേടിയ ചരിത്രം ഇടത് മുന്നണിക്കുണ്ട്. ഇതിനേക്കാള്‍ മികച്ച സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നാണ് പൊതുവെ അഭിപ്രായമുയര്‍ന്നത്.

ലോക്‌സഭാ ഇലക്ഷന് ശേഷം ഒരു മൂന്നാം ശക്തി രാജ്യത്ത് ഉയര്‍ന്നുവരുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയെ നേരിടാന്‍ സാധിക്കില്ല. ബിജെപിയോ കോണ്‍ഗ്രസോ നയിക്കാത്ത ഒന്ന് ഉദയം ചെയ്യും. അതില്‍ ഇടതുപക്ഷത്തിന് വ്യക്തമായ പങ്ക് വഹിക്കാനുണ്ടാകും.

പ്രവര്‍ത്തിക്കാത്ത ഒരാളും പാര്‍ട്ടിയില്‍ വേണ്ട എന്ന് പിണറായി വിജയന്‍ പറഞ്ഞു. സംഘടന ഏല്‍പ്പിക്കുന്ന ജോലികളില്‍ ഒരു വിട്ടുവീഴ്ച്ചയും പാടില്ല. ഇലക്ഷനില്‍ കമ്മറ്റികള്‍ക്കല്ല, ഓരോ വ്യക്തികള്‍ക്കുമാകും ചുമതലകള്‍. പിണറായി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top