അല്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകം; അറസ്റ്റ് ചെയ്തവരുടെ എണ്ണം മൂന്നായി

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറിലുണ്ടായ ആള്‍ക്കൂട്ട അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം മൂന്നായി. അക്ബര്‍ ഖാന്‍ എന്ന യുവാവിനെയായിരുന്നു പശുക്കടത്ത് അരോപിച്ച് വെള്ളിയാഴ്ച രാത്രിയോടെ ഒരു സംഘം കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ്  ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പശുക്കളെ വാങ്ങി തിരിച്ചു വരുമ്പോഴാണ് അക്ബര്‍ ഖാനു നേരെ അക്രമം ഉണ്ടായത്. ഇയാളുടെ കൂടെ അസ്‌ലം എന്നയാളും ഉണ്ടായിരുന്നു. എന്നാല്‍ അസ്‌ലം സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഏഴേളം ആളുകള്‍ ചേര്‍ന്നാണ് തങ്ങളെ അക്രമിച്ചതെന്ന് അസ്‌ലം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആന്തരീകാവയവങ്ങളിള്‍ ഉണ്ടായ രക്തസ്രാവമാണ് അക്ബര്‍ ഖാന്‍ മരണപ്പെടാന്‍ കാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പശുക്കടത്ത് ആരോപിച്ച് അല്‍വാറില്‍ ഇതിനു മുന്‍പും ആള്‍ക്കൂട്ട കൊലപാതകം നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പെഹലു ഖാന്‍ എന്നയാളും ഗോരക്ഷകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top