ശശി തരൂരിന്റെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് പീയുഷ് ഗോയല്‍

ശശി തരൂര്‍, പീയുഷ് ഗോയല്‍

ദില്ലി: ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് മനസ്സിലാകുന്നില്ലെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഗോയലിന്റെ പരാമര്‍ശം.

ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശശി തരൂര്‍ ഉന്നയിച്ചത്. സര്‍ക്കാരിന്റെ വാക്കുകളും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് തരൂര്‍ ആരോപിച്ചു. രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമര്‍ശനം.

ഇതിന് പിന്നാലെയാണ് ബില്ലിന് മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെ തരൂരിന്റെ ‘വിദേശ ഉച്ചാരണം’ മനസ്സിലാകുന്നില്ലെന്ന് ഗോയല്‍ വ്യക്തമാക്കിയത്. അതേസമയം എന്‍കെ പ്രേമചന്ദ്രന്‍ ഗോയലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ഇത്തരമൊരു പ്രസ്താവന നടത്തുന്നത് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉചിതമല്ലായെന്നായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം. ട്വിറ്ററിലൂടെയുള്ള തരൂരിന്റെ കഠിനമായ ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ നേരത്തേയും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.

DONT MISS
Top