‘അങ്ങനെ മറന്നുപോകേണ്ട ഒരു പേരല്ല വിനായകന്‍’; കേരളത്തിന്റെ പുരോഗമന നാട്യങ്ങളുടെ പൊള്ളത്തരം വിളിച്ചുപറയുന്ന വേദികളിലെല്ലാം ആ പേര് മാറ്റൊലിക്കൊള്ളുമെന്ന് വിടി ബല്‍റാം

കൊച്ചി; തൊലിയുടെ നിറം നോക്കി മനുഷ്യനെ കുറ്റവാളിയാക്കി മുദ്രകുത്തുന്ന പിണറായിപ്പൊലീസിന്റെ വംശീയതയുടേയും ദലിത് വിരുദ്ധതയുടേയും രക്തസാക്ഷിയാണ് വിനായകനെന്ന് വിടി ബല്‍റാം. അങ്ങനെ മറന്നു പോകേണ്ട ഒരു പേരല്ല വിനായകന്‍ എന്നും നവോത്ഥാനാനന്തര കേരളത്തിന്റെ നമ്പര്‍ വണ്‍ പുരോഗമന നാട്യങ്ങളുടെ പൊള്ളത്തരം വിളിച്ചുപറയുന്ന വേദികളിലെല്ലാം ആ പേര് മാറ്റൊലിക്കൊള്ളുമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിനായകന്റെ മരണത്തില്‍ വേണ്ടവണ്ണം ഇടപെട്ട് അന്വേഷണത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ ഭരണ നേതൃത്വത്തിന് താത്പര്യമില്ലെന്നും സമൂഹത്തിലെ ഉപരിവര്‍ഗ്ഗങ്ങളില്‍പ്പെട്ട ആരുടെയെങ്കിലും കാര്യമായിരുന്നുവെങ്കില്‍ ഇതായിരിക്കില്ല സംഭവിച്ചിരിക്കുകയെന്നും, ദലിതരടക്കമുള്ള സാധാരണക്കാരുടെ ജീവനും മാനത്തിനും ഇന്നാട്ടില്‍ ഇത്ര വിലയേ ഉള്ളൂ എന്ന ഭരണവര്‍ഗ്ഗത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഈ കേസിന്റെ അട്ടിമറിയിലൂടെ ബോധ്യമാവുന്നതെന്നും ബല്‍റാം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നാളിതുവരെ ഒരു ധനസഹായവും വിനായകന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. അവന്‍ പുസ്തകങ്ങളേയും വായനയേയുമൊക്കെ ഇഷ്ടപ്പെടാതിരുന്ന ആളോ മറ്റോ ആയതുകൊണ്ടാണോ എന്നറിയില്ല, വിനായകന്റെ പേരില്‍ വായനശാല ഉണ്ടാക്കാനോ അതിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കാനോ ആര്‍ക്കും താത്പര്യം കാണുന്നില്ല, പാവപ്പെട്ട ഒരു കൗമാരക്കാരനെ മരണത്തിലേക്ക് നയിച്ചവര്‍ ഭരണകൂട സംരക്ഷണയാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുഖജീവിതം മുന്നോട്ടു കൊണ്ടു പോവുന്നു, ബല്‍റാം ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

വിനായകന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. തൊലിയുടെ നിറം നോക്കി മനുഷ്യനെ കുറ്റവാളിയാക്കി മുദ്രകുത്തുന്ന പിണറായിപ്പൊലീസിന്റെ വംശീയതയുടേയും ദലിത് വിരുദ്ധതയുടേയും രക്തസാക്ഷിയാണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ കൗമാരക്കാരന്‍. രാവിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഏങ്ങണ്ടിയൂരിലെ വീട്ടുമുറ്റത്ത് നടത്തിയ വിനായകന്‍ ഓര്‍മ്മദിനവും വൈകീട്ട് മുസ്‌ലിം യൂത്ത് ലീഗ് തൃശൂരില്‍ നടത്തിയ പ്രതിഷേധ പരിപാടിയുമല്ലാതെ കാര്യമായ അനുസ്മരണം പോലും എങ്ങുമുണ്ടായില്ല എന്നാണറിവ്.

അകാരണമായി പൊലീസ് പിടിച്ചു കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ചതിന്റേയും മാല മോഷ്ടാവായി ചിത്രീകരിച്ചതിന്റേയും മനോവിഷമം താങ്ങാനാകാതെയാണ് ആ നിസ്സഹായനായ കുട്ടി ആത്മഹത്യയെ അഭയം പ്രാപിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും കാര്യമായ ഒരു ശിക്ഷാനടപടിയും ഉണ്ടായിട്ടില്ല എന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം. വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഭരണക്കാരുടെ മുഖം രക്ഷിക്കാന്‍ സസ്‌പെന്‍ഡ് ചെയ്ത രണ്ട് പൊലീസുകാര്‍ സുഖമായി സര്‍വ്വീസില്‍ തിരിച്ചെത്തിക്കഴിഞ്ഞു. സസ്‌പെന്‍ഷന്‍ കാലത്തെ പാതി ശമ്പളവും ഇവര്‍ക്ക് കിട്ടിക്കാണും.

ആത്മഹത്യാ പ്രേരണക്കുള്ള വകുപ്പോ പട്ടികജാതി പീഡനത്തിനെതിരായ വകുപ്പോ ഒന്നും ഇവര്‍ക്കെതിരെ ചേര്‍ക്കാത്തത് കൊണ്ടാണ് കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമായതെന്ന് കേള്‍ക്കുന്നു. എഫ്‌ഐആര്‍ ഇടുന്ന ഘട്ടം തൊട്ട് അന്വേഷണം അട്ടിമറിക്കാനാണ് പൊലീസിലെ സ്ഥാപിത താത്പര്യക്കാര്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. വേണ്ടവണ്ണം ഇടപെട്ട് അന്വേഷണത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ ഭരണ നേതൃത്വത്തിനും താത്പര്യമില്ല. സമൂഹത്തിലെ ഉപരിവര്‍ഗ്ഗങ്ങളില്‍പ്പെട്ട ആരുടെയെങ്കിലും കാര്യമായിരുന്നുവെങ്കില്‍ ഇതായിരിക്കില്ല സംഭവിച്ചിരിക്കുക എന്നതുറപ്പ്. ദലിതരടക്കമുള്ള സാധാരണക്കാരുടെ ജീവനും മാനത്തിനും ഇന്നാട്ടില്‍ ഇത്ര വിലയേ ഉള്ളൂ എന്ന ഭരണവര്‍ഗ്ഗത്തിന്റെ പ്രഖ്യാപനം കൂടിയാണ് ഈ കേസിന്റെ അട്ടിമറിയിലൂടെ ബോധ്യമാവുന്നത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നാളിതുവരെ ഒരു ധനസഹായവും വിനായകന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ലഭിച്ച 4.5 ലക്ഷത്തോളം രൂപയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാഹരിച്ച 5 ലക്ഷം രൂപയുമാണ് ആ കുടുംബത്തിന് ഇന്നേവരെ ആകെ ലഭിച്ചിട്ടുള്ളത്. ശ്രീജിത്തിന്റേയും കെവിന്റേയും കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന് വിനായകന്റെ കാര്യത്തില്‍ മറിച്ചാണ് തീരുമാനം. കെവിന്റെ കാര്യത്തില്‍ പൊലീസിന്റെ അലംഭാവമാണ് കൊലപാതകത്തിലേക്ക് നയിച്ചതെങ്കില്‍ വിനായകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ കേരള പൊലീസിന് നേരിട്ട് പങ്കുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണ്.

വിനായകന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു എന്ന് അക്കാലത്ത് ആ സംഘടന അവകാശപ്പെട്ടിരുന്നു. പൊലീസിനെതിരെ ചില പ്രതിഷേധ പരിപാടികളും അവര്‍ അന്ന് നടത്തിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ സംഘടന അതൊക്കെ മറന്നു പോയെന്നാണ് തോന്നുന്നത്. വിനായകനും ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. അവന്‍ പുസ്തകങ്ങളേയും വായനയേയുമൊക്കെ ഇഷ്ടപ്പെടാതിരുന്ന ആളോ മറ്റോ ആയതുകൊണ്ടാണോ എന്നറിയില്ല, അവന്റെ പേരില്‍ വായനശാല ഉണ്ടാക്കാനോ അതിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കാനോ ആര്‍ക്കും താത്പര്യം കാണുന്നില്ല. കണ്ണൂരിലെ കൊലപാതകക്കാരായി രാജന്മാരാരും വിനായകന്റെ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണവും നടത്തുന്നില്ല. പാവപ്പെട്ട ഒരു കൗമാരക്കാരനെ മരണത്തിലേക്ക് നയിച്ചവര്‍ ഭരണകൂട സംരക്ഷണയാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ സുഖജീവിതം മുന്നോട്ടു കൊണ്ടു പോവുന്നു.

വീട്ടിലേക്ക് കടന്നു ചെന്നപ്പോള്‍ വിനായകന്റെ അമ്മ കൈ ചേര്‍ത്ത് പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഇടറിയ വാക്കുകളില്‍ പറഞ്ഞു: ‘എന്റെ മോനെ എല്ലാവരും മറന്നു പോയി, പക്ഷേ അവന്റെ അച്ഛന്റെയും ചേട്ടന്റെയും എന്റെയും ഉള്ളില്‍ എന്റെ ഉണ്ണി എന്നുമുണ്ടാകും’. അതെ, വിനായകനെ ചുരുക്കം ചിലരൊഴിച്ച് ഭരണകൂടവും സമൂഹവും മാധ്യമങ്ങളും മിക്കവാറും എല്ലാവരും മറന്നു കഴിഞ്ഞിരിക്കുകയാണ്. ആ നഷ്ടം ആ കുടുംബത്തിന്റേത് മാത്രമായിത്തീരുന്നു. മേലിലിത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു നേരിയ താക്കീത് പോലും നല്‍കാതെ ഇരട്ടച്ചങ്കുള്ള സര്‍വ്വാധിപതികള്‍ പൊലീസിന്റെ മനോവീര്യം സംരക്ഷിക്കുന്നു.

അങ്ങനെ മറന്നു പോകേണ്ട ഒരു പേരല്ല വിനായകന്‍ എന്നത്. നവോത്ഥാനാനന്തര കേരളത്തിന്റെ നമ്പര്‍ വണ്‍ പുരോഗമന നാട്യങ്ങളുടെ പൊള്ളത്തരം വിളിച്ചുപറയുന്ന വേദികളിലെല്ലാം ആ പേര് മാറ്റൊലിക്കൊള്ളും. അധികാരിവര്‍ഗത്തിന്റെ വംശീയ, ജാതിവെറി മനോഭാവങ്ങള്‍ക്കെതിരെയുള്ള, അടിസ്ഥാന ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള വരുംകാല പോരാട്ടങ്ങളുടെ മൂര്‍ച്ചയുള്ള മുദ്രാവാക്യമാവും ആ പേരും അവന്റെ ഓര്‍മ്മകളും, ബല്‍റാം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top