എയര്‍സെല്‍ മാക്‌സിസ് കേസ്: പി ചിദംബരത്തെയും മകനെയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

പി ചിദംബരം

ദില്ലി: എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിനും മകനും പുറമെ മറ്റ് 16 പേരെക്കൂടി പ്രതിചേര്‍ത്താണ് ദില്ലി പാട്യാല ഹൗസ് കോടതിയില്‍ സിബിഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്.

എയര്‍സെല്‍ മാക്‌സിസ് ഇടപാട് കാലത്ത് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനി അനധികൃത പണമിടപാട് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. രണ്ട് തവണയായി 26 ലക്ഷം, 87 ലക്ഷം രൂപയുടെ അനധികൃത പണമിടപാടുകള്‍ നടന്നതായാണ് സിബിഐയുടെ കണ്ടെത്തല്‍.

2006ല്‍ നടന്ന എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ നിന്നുള്ള അനുമതി ലഭ്യമാകുന്നതിന് ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം ചട്ടങ്ങള്‍ മറികടന്ന് ഇടപെട്ടതായാണ് കേസ്. നേരത്തെ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ദില്ലി പട്യാല ഹൗസ് കോടതി തടഞ്ഞിരുന്നു.

DONT MISS
Top