ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് രാജ്‌നാഥ് സിംഗ്; സംസ്ഥാനങ്ങളോട് കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം

രാജ്‌നാഥ് സിംഗ്

ദില്ലി: രാജ്യത്തെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്‌സഭയുടെ ചോദ്യോത്തരവേളയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജ്‌നാഥ് സിംഗ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അപലപിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സംസ്ഥാനങ്ങളോട് കര്‍ശന നടപടിയെടുക്കണമെന്നും ക്രമസമാധാനം സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്.

അതേസമയം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പശു സംരക്ഷണത്തിന്റെ പേരില്‍ ഉള്‍പ്പടെ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതങ്ങളും അക്രമങ്ങളും തടയുന്നതിനും അക്രമകാരികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

ഭയാനകമായ ഇത്തരം അക്രമങ്ങള്‍ അപലപനീയമാണെന്നും ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതും സമൂഹത്തില്‍ ബഹുസ്വരത ഉറപ്പാക്കേണ്ടതും ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നാലാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്നും അതിന്റെ റിപ്പോര്‍ട്ട് സുപ്രിം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് തെഹ്സിന്‍ പൂനവാല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top