ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമെന്ന തീരുമാനത്തില്‍ താരങ്ങളുടെ മൗനം തെറ്റ്, എന്റെ അഭിപ്രായം ബന്ധങ്ങളെ തകര്‍ത്താലും പ്രശ്‌നമില്ല: കമല്‍ഹാസ്സന്‍


അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത് തെറ്റായിപ്പോയെന്ന് സൂചിപ്പിച്ച് സൂപ്പര്‍ താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസ്സന്‍. പൊതുവെ അമ്മ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് കമലും രംഗത്തെത്തിയിരിക്കുന്നത്. ലിംഗസമത്വത്തേക്കുറിച്ച് ഏവരും സംസാരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൈക്കൊണ്ട നടപടിയില്‍ മലയാള നടന്മാര്‍ പുലര്‍ത്തുന്ന മൗനം തന്നെ ഞെട്ടിക്കുന്നു. ലിംഗ സമത്വത്തിനായി സംസാരിക്കുന്നതില്‍നിന്ന് ഇവരെ പിന്നിലേക്ക് വലിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“അമ്മയിലേക്ക് ദിലീപിനെ തിരികെയെടുത്തത് തെറ്റാണ്. ഈ അഭിപ്രായപ്രകടനം സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെപ്പോലും ബാധിച്ചേക്കാം. എന്നാല്‍ അതില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല. മോഹന്‍ലാല്‍ എന്റെ സുഹൃത്താണ്. ഞങ്ങള്‍ അയല്‍ക്കാരാണുതാനും. എന്നാല്‍ എന്റെ കാഴ്ച്ചപ്പാടുകളോട് അദ്ദേഹത്തിന് വിയോജിപ്പുകളുണ്ടായേക്കാം”, കമല്‍ പറഞ്ഞു

ലിംഗ സമത്വത്തേക്കുറിച്ച് നടന്മാര്‍ പ്രതികരിക്കാത്തത് ആശങ്കയുണ്ടാക്കും. ഒരിക്കല്‍ നമ്മെ ഭരിച്ചിരുന്നത് ഒരു വനിതാണ്. അവര്‍ ചില തെറ്റുകള്‍ ചെയ്തപ്പോള്‍ നമ്മള്‍ വിമര്‍ശിച്ചു. എന്നിട്ടും നമ്മള്‍ അവരെ തിരികെ കൊണ്ടുവന്നു. സമൂഹം ആരെയും വിടുന്നുമില്ല, മനപ്പൂര്‍വം വേട്ടയാടുന്നുമില്ലെന്നും കമല്‍ഹാസ്സന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top