സിപിഐഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചാ വിഷയം

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സിപിഐഎം നേതൃയോഗങ്ങള്‍ക്ക് തുടക്കമായി. ഇന്ന് സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാനകമ്മിറ്റിയുമാണ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് പ്രധാന അജണ്ട. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിങ്ങും മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ അടിമുടി അഴിച്ചു പണിയാണ് സിപിഐഎം കീഴ്ഘടകങ്ങള്‍ മുതല്‍ സംഘടിപ്പിച്ചു വരുന്നത്. ചെങ്ങന്നൂരില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പഴയ നിയോജകമണ്ഡലം, പഞ്ചായത്ത്, ബൂത്ത് കമ്മറ്റികള്‍ മാതൃകയിലുള്ള സംഘടനാ സംവിധാനങ്ങളിലും മാറ്റും വരുത്തും. ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് നിശ്ചിത വീടുകളുടെ ചുമതല നല്‍കിയുള്ള പ്രവര്‍ത്തനമാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍സംഘടനാ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും കഴിഞ്ഞ കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടിങ്ങും നേതൃയോഗങ്ങളിലുണ്ടാകും.

പുറത്ത് നിന്ന് സഹകരിക്കുന്ന കക്ഷികളുടെ മുന്നണി പ്രവേശനത്തെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുയര്‍ന്നു വരാം. ഐഎന്‍എല്‍, ജനതാദള്‍, ലോക്താന്ത്രിക് എന്നിവര്‍ക്കാണ് പ്രഥമപരിഗണന ലഭിക്കാനിടയുള്ളത്. എന്നാല്‍ ജനാധിപത്യകേരള കോണ്‍ഗ്രസും ബാലകൃഷ്ണപിള്ള വിഭാഗവും സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഇതിലെ പ്രായോഗികത പരിശോധിച്ച് മാത്രമേ സിപിഐഎം തീരുമാനത്തിലേക്കെത്തു. അഭിമന്യു വധവുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങളും എസ്ഡിപിഐ പോലുള്ള സംഘടനകളോട് പുലര്‍ത്തേണ്ട സമീപനവും സംസ്ഥാന നേതൃത്വം പരിഗണിക്കും.

മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇക്കാര്യം നിലവില്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

DONT MISS
Top