ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഒരു തരം തൊട്ട് കൂടായ്മ: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

സുപ്രിം കോടതി

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് ഭരണഘടന ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ആര്‍ത്തവ അശുദ്ധിയുടെ പേരില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് തൊട്ട് കൂടായ്മ എന്ന് നിരീക്ഷിച്ചത്. ഒരു പ്രത്യേക പ്രായത്തില്‍ പെട്ട സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് ഒരു തരത്തിലുള്ള തൊട്ട് കൂടായ്മ അല്ലേ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസിലെ അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രനോട് ആരാഞ്ഞു.

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് ഏകപക്ഷീയ നടപടി ആണെന്ന് ഭരണഘടന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അഭിപ്രായപ്പെട്ടു. 10 നും 50 നും ഇടയില്‍ പ്രായം ഉള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ല എന്ന വിജ്ഞാപനത്തെയും സുപ്രീം കോടതി ചോദ്യം ചെയ്തു. 9 വയസ്സില്‍ ചില കുട്ടികള്‍ക്ക് ആര്‍ത്തവം ഉണ്ടാകാറുണ്ട്. 55 വയസ്സ് കഴിഞ്ഞ ചിലര്‍ക്കും ആര്‍ത്തവം ഉണ്ടാകാറുണ്ട്. ചിലരുടെ ആര്‍ത്തവം 45 ആം വയസ്സില്‍ അവസാനിക്കും. അത് കൊണ്ട് തന്നെ പ്രായവും ആര്‍ത്തവും ചേര്‍ന്നുള്ള വിജ്ഞാപനത്തിലൂടെ ആണ് സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് എങ്കില്‍ അത് ഭരണഘടന വിരുദ്ധം ആണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

നിയമത്തില്‍ ഇല്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ട് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം കൊണ്ട് വരാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. നിയമത്തില്‍ പുരുഷന് ബാധകം ആയത് സ്ത്രീക്കും ബാധകം ആണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ശബരിമല പൊതു ക്ഷേത്രം ആണെങ്കില്‍ ലിംഗ ഭേദമെന്യേ എല്ലാവര്‍ക്കും സ്ത്രീ പ്രവേശനം അനുവദിക്കേണ്ടതാണ് ആണെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപെട്ടു.

സംസ്ഥാനം നിലപാട് വ്യക്തമാക്കി: എല്ലാവര്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാം

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്കും പ്രവേശനം ആകാം എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2009 ല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ അഭിപ്രായം ആണ് ഇപ്പോള്‍ സംസ്ഥാനനത്തിന്റേത് എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ ജയ്ദീപ് ഗുപ്ത ഭരണഘടന ബെഞ്ചിനെ അറിയിച്ചു. ഇത് നാലാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സമയം മാറുന്നതിന് അനുസരിച്ച് സംസ്ഥാനത്തിന്റെ നിലപാടും മാറിക്കൊണ്ടിരിക്കും എന്നായിരുന്നു ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ പ്രതികരണം.

ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തി ആയി, ആമിക്‌സ് ക്യുറിയുടെ വാദം ആരംഭിച്ചു

ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ച ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷന്റെയും റെഡി ടു ബ്‌ളീഡ് എന്ന സംഘടനയുടെയും വാദം പൂര്‍ത്തിയായി. അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ വാദം ആണ് ഇപ്പോള്‍ നടക്കുന്നത്. ഇനി സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉള്‍പ്പടെയുള്ളവരുടെ വാദം നടക്കേണ്ടതുണ്ട്. പുതുതായി കേസില്‍ കക്ഷി ചേരാന്‍ ആരെയും അനുവദിക്കില്ല എന്നും സുപ്രിം കോടതി വ്യക്തമാക്കി.

കറന്റ് പോയി, എന്നിട്ടും വാദം തുടര്‍ന്നു

ശബരിമല കേസ് ഭരണഘടന ബെഞ്ച് കേള്‍ക്കുന്നതിന് ഇടയില്‍ മൂന്ന് തവണ ചീഫ് ജസ്റ്റിസ് കോടതിയില്‍ കറന്റ് പോയി. റെഡി ടു ബ്‌ളീഡിന് വേണ്ടി ഇന്ദിര ജയ്‌സിംഗ് വാദിക്കുന്നതിനിടയിലാണ് കറന്റ് പോയത്. എന്നാല്‍ വാദം ഇന്ദിര ജയ്‌സിംഗ് തുടര്‍ന്നു. വാദം നിറുത്താന്‍ കോടതി നിര്‍ദ്ദേശിച്ചതുമില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top