തായ് ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു

ആശുപത്രി വിട്ട കുട്ടികളും പരിശീലകനും

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലവാങ് നാം ഗുഹയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ച ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു. എല്ലാവരും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ആശുപത്രി വിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗുഹയില്‍ നിന്ന് പുറത്തെത്തിച്ച കുട്ടികളില്‍ ചിലര്‍ക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് തിരിക്കുന്നതിനിടെ ടീം മാധ്യമങ്ങളെ കണ്ടു.

ജൂണ്‍ 23 നാണ് വൈല്‍ഡ് ബോര്‍സ് എന്ന ഫുട്ബോള്‍ ടീമിലെ 13 പേരടങ്ങുന്ന സംഘം ഗുഹയില്‍ അകപ്പെട്ടത്. ഗുഹ കാണാനായി കയറിയ ഇവര്‍ കനത്ത മഴയെ തുടര്‍ന്ന് അകത്ത് പെട്ടുപോവുകയായിരുന്നു. ഗുഹയ്ക്ക് വെളിയില്‍ കുട്ടികളുടെ ഷൂസും ഫുട്ബോളും സൈക്കിളും കണ്ടെത്തിയതോടെയാണ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടിരിക്കാമെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടു. കനത്തെ മഴയില്‍ വെള്ളവും ചെളിയും ഗുഹയില്‍ നിറഞ്ഞതാണ് 13 പേരും അകത്ത് കുടുങ്ങിപ്പോകാന്‍ കാരണമായത്.

17 ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ 13 പേരെയും സുരക്ഷിതമായി പുറം ലോകത്തെത്തിച്ചത്. പതിനൊന്നിനും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു ഗുഹയില്‍ അകപ്പെട്ടിരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ തായ്‌ലന്‍ഡ് നേവിയില്‍ നിന്ന് വിരമിച്ച സമന്‍ കുമന്‍ എന്ന മുങ്ങല്‍ വിദഗ്ധന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top