‘അധികാരമുള്ളവന് മുന്നില്‍ ഞാന്‍ വണങ്ങും, ഞാനാരാണ്?’; സ്വാമി അഗ്നിവേശ് വിഷയത്തില്‍ ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘പോപ്പ് ക്വിസ്’ എന്ന പേരില്‍ ട്വിറ്ററില്‍ കുറിച്ച കുറിപ്പിലൂടെയായിരുന്നു ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ രാഹുലിന്റെ പ്രതികരണം.

‘അധികാരമുള്ളവന് മുന്നില്‍ ഞാന്‍ വണങ്ങും. ഒരു വ്യക്തിയുടെ ശക്തിയും അധികാരവും എനിക്ക് പ്രധാനമാണ്. അധികാരം നിലനിര്‍ത്താന്‍ ഞാന്‍ വിദ്വേഷവും ഭയവും ഉപയോഗിക്കുന്നു. ഞാന്‍ ദുര്‍ബലരെ അന്വേഷിക്കുന്നു, അവരെ അടിച്ചമര്‍ത്തുന്നു. ആളുകള്‍ക്ക് ഞാന്‍ സ്ഥാനം നല്‍കുന്നത് എനിക്ക് അവരെ കൊണ്ടുള്ള പ്രയോജനത്തെ അടിസ്ഥാനമാക്കിയാണ്, ഞാന്‍ ആരാണ്?,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ആദിവാസികളുടെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അഗ്നിവേശിനെ ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ നിലത്തുവീണ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും തലപ്പാവും അക്രമികള്‍ വലിച്ചുകീറി. അഗ്നിവേശ് ഹിന്ദു വിരുദ്ധനാണെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ജയ്ശ്രീറാം വിളികളോടെയെത്തിയ സംഘത്തിന്റെ ആക്രമണം. അഗ്നിവേശിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ബിജെപിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് മുസ്‌ലിം പാര്‍ട്ടിയാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ചൂഷണത്തിനിരയായവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, വേട്ടയാടപ്പെട്ടവര്‍ തുടങ്ങി ഒരു വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് താന്‍. അവരുടെ ജാതിയോ മതമോ വിശ്വാസങ്ങളോ എന്നെ സംബന്ധിച്ച് വിഷയമല്ല. വേദനിക്കുന്നവരെയാണ് ഞാന്‍ തേടുന്നത്. വിദ്വേഷവും ഭയവും മായ്ച്ചുകളയാനാണ് ഞാന്‍ ശ്രമിക്കുന്നത്. എല്ലാ സഹജീവികളേയും ഞാന്‍ സ്‌നേഹിക്കുന്നു, ഞാന്‍ കോണ്‍ഗ്രസുകാരനാണ്,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top