പീഡനക്കേസ്: ഓര്‍ത്തോഡോക്‌സ് വൈദികര്‍ക്കെതിരെ യുവതി നല്‍കിയ രഹസ്യമൊഴി സംസ്ഥാനം സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യും

കേസിലെ പ്രതികള്‍

ദില്ലി: കുമ്പസാരരഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ ഓര്‍ത്തോഡോക്‌സ് വൈദികരുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ പരിഗണിക്കുന്നതിന് മുമ്പ് വൈദികര്‍ക്കെതിരെ യുവതി നല്‍കിയ രഹസ്യമൊഴി സംസ്ഥാനം സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്യും. ഈ രഹസ്യമൊഴിയില്‍ നാലു വൈദികരും തന്നെ പീഡിപ്പിച്ചതായി യുവതി പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ സുപ്രിം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി പള്ളി അധികാരികള്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ പള്ളി അധികാരികള്‍ക്ക് നല്‍കിയ നല്‍കിയ സത്യവാങ്മൂലത്തേക്കാളും നിയമത്തിന് മുന്നില്‍ നിലനില്‍ക്കുക മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴി ആണെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

യുവതിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് ശേഷവും നാളെയും ജസ്റ്റിസ് അശോക് ഭൂഷണ്‍ ദില്ലിയില്‍ ഇല്ലാത്തതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച വരെ സുപ്രിം കോടതി അറസ്റ്റ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രിം കോടതിക്ക് ഉറപ്പ് നല്‍കി.

ഒന്നാം പ്രതി ഫാദര്‍ സോണി വര്‍ഗീസിന് വേണ്ടി ആര്‍ ബസന്ത്, ബെച്ചു കുര്യന്‍ തോമസ്, എ കാര്‍ത്തിക് എന്നിവര്‍ ഹാജരായി. നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജിന് വേണ്ടി തോമസ് പി ജോസഫ് , രശ്മിത രാമചന്ദ്രന്‍ എന്നിവരും സംസ്ഥാന സര്‍ക്കാരിന് വേണ്ടി വി ഗിരി, ജി പ്രകാശ്, പ്രിയങ്ക പ്രകാശ് എന്നിവരും ഹാജരായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top