ഐപിഎസ് അസോസിയേഷന്‍ യോഗം ഇന്ന് തിരുവനന്തപുരത്ത്, ദാസ്യപ്പണി വിവാദം ചര്‍ച്ചയാകും

തിരുവനന്തപുരം: ദാസ്യപ്പണി വിവാദം അടക്കം ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎസ് അസോസിയേഷന്‍ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ചേരിപ്പോര് രൂക്ഷമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും യോഗം ചര്‍ച്ചക്കെടുത്തേക്കും. സംഘടന പിടിക്കാന്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശ്രമം നടത്തുമ്പോള്‍ പ്രതിരോധിക്കാന്‍ തീരുമാനിച്ചാണ് ഔദ്യോഗിക നേതൃത്വം യോഗത്തിനെത്തുന്നത്.

ഐപിഎസ് അസോസിയേഷന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെങ്കിലും പ്രത്യേക ബൈലോ ഉണ്ടാക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇതുവേണമെന്നാണ് തച്ചങ്കരി വിഭാഗം ആവശ്യമുന്നയിക്കുന്നത്. മാത്രമല്ല നിയമാവലിയുടെ മാതൃക ഇവര്‍ തന്നെ തയാറാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇത് അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കാനാണ് തച്ചങ്കരി പക്ഷത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള സാധ്യതകളും ഇവര്‍ തെരയുന്നുണ്ട്.

എന്നാല്‍ ചേരിതിരിഞ്ഞുള്ള തെരഞ്ഞെടുപ്പിലേക്ക് പോവുകയോ, അഭിപ്രായ ഭിന്നത രൂക്ഷമാവുകയോ ചെയ്താല്‍ പിന്തുണയ്ക്കില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് ഔദ്യോഗിക വിഭാഗത്തിന് ആശ്വാസമാണ്. സംഘടന പിടിക്കാന്‍ ഒപ്പ് ശേഖരിക്കുന്നതും പ്രത്യേക യോഗം വിളിക്കുന്നതുമൊക്കെ സര്‍ക്കാരിനും പോപൊലീസിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ഡിജിപി വിളിച്ച പ്രത്യേക യോഗവും ഇന്ന് തന്നെ നടക്കുന്നതിനാല്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തേക്കും. പ്രത്യക്ഷത്തില്‍ തന്നെ രണ്ടു ചേരിയായി തിരിഞ്ഞാണ് സംഘടനയുടെ പ്രവര്‍ത്തനം നിലവില്‍ മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശാണ് സംഘടനയുടെ സെക്രട്ടറി. അസോസിയേഷന്‍ യോഗം ഉടന്‍ വിളിക്കണമെന്നാവശ്യപ്പെട്ട് മുപ്പതിലേറെ പേര്‍ ഒപ്പിട്ട കത്ത് തച്ചങ്കരിയാണ് അസോസിയേഷന്‍ സെക്രട്ടറിയ്ക്ക് കൈമാറിയത്.

DONT MISS
Top