തായ്‌ലന്റ് ഓപ്പണ്‍ ബാഡ്മിന്റണ്‍: ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി

ബാങ്കോക്ക്: തായലന്റ് ഓപ്പണ്‍ ബാഡ്മിന്റണില്‍ രണ്ടാം സീഡ് ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി. ഫൈനലില്‍ ഇന്ത്യന്‍ താരം തോല്‍വി വഴങ്ങി. ജപ്പാന്റെ നാലാം സീഡ് നൊസോമി ഒക്കുഹാരയാണ് സിന്ധുവിനെ ഫൈനലില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഒക്കുഹാരയുടെ വിജയം. സ്‌കോര്‍ 21-15, 21-18.

50 മിനിട്ട് നീണ്ട മത്സരത്തില്‍ രണ്ടാമത്തെ ഗെയിമില്‍ മാത്രമാണ് സിന്ധുവിന് പൊരുതാനായത്. ആദ്യ ഗെയിം വെറും 20 മിനിട്ടില്‍ അവസാനിച്ചു. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഒക്കുഹാര ഒരു പഴുതും നല്‍കാതെയാണ് 21-15 ന് ഗെയിം സ്വന്തമാക്കിയത്.

എന്നാല്‍ രണ്ടാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. തുടക്കത്തില്‍ 5-1 ന് മുന്നിട്ട് നിന്നപ്പോള്‍ സിന്ധു അനായാസം രണ്ടാം ഗെയിം സ്വന്തമാക്കുമെന്ന് തോന്നി. എന്നാല്‍ ഫോമിലേക്കുയര്‍ന്ന ഒക്കുഹാര ഒപ്പമെത്തി. പിന്നീട് ഓരോ പോയിന്റും നേടി ഇരുവരും മുന്നേറി. സ്‌കോര്‍ 18-18 ല്‍ നില്‍ക്കെ തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി ജപ്പാന്‍ താരം കിരീടം സ്വന്തമാക്കുകയായിരുന്നു.

ഒക്കുഹാരയുടെ ആക്രമണ ഗെയിമിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സിന്ധു പലപ്പോഴും പാടുപെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top