ഫൈനല്‍ ടൈബ്രേക്കറിലേക്ക് നീണ്ടാല്‍ മുന്‍തൂക്കം ഫ്രാന്‍സിനെന്ന് പ്രവചനം

മോസ്കോ:  ക്രൊയേഷ്യ-ഫ്രാന്‍സ് ഫൈനല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയും ഫലം ടൈ-ബ്രേക്കര്‍ തീരുമാനിക്കുകയും ചെയ്യുമെന്നൊരു പ്രവചനമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഫലം ഫ്രാന്‍സിന് അനുകൂലമാകുമെന്നാണ് പ്രവചനം. ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് തവണയാണ് ടൈ-ബ്രേക്കറില്‍ കിരീടം തീരുമാനിക്കപ്പെട്ടിട്ടുള്ളത്. 2006-ല്‍ ഫ്രാന്‍സിന് കിരീടം നഷ്ടമായത് ടൈ-ബ്രേക്കറിലായിരുന്നു.

ഇരുപത്തിയൊന്നാം ലോകകപ്പനാണ് ഇന്ന് റഷ്യയില്‍ തിരശീല വീഴുന്നത്. ലോകകപ്പിന്റെ എഴുപത്തിയെട്ടുവര്‍ഷത്തെ ചരിത്രത്തില്‍ രണ്ടു തവണമാത്രമേ ടൈ-ബ്രേക്കറില്‍ ജേതാക്കളെ തീരുമാനിച്ചിട്ടുള്ളു. 1994-ലും 2006-ലും. 94-ല്‍ ഇറ്റലിയും ബ്രസീലുമായിരുന്നു ഫൈനലില്‍. സാധാരമ സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് അധികസമയത്തും ഗോള്‍ നേടാന്‍ ടീമുകള്‍ക്കായില്ല. തുടര്‍ന്നു വന്ന ടൈബ്രേക്കറില്‍ 4-2-ന് തകര്‍ത്തുകൊണ്ട ബ്രസീല്‍ നാലാം കിരീടം നേടി. ആദ്യ കിക്കെടുത്ത ബ്രസീലിന്റെ മാര്‍സലോ സാന്റോസിന് പിഴച്ചെങ്കിലും റൊമാരിയോയും ബ്രാങ്കോയും ദുംഗയും പന്ത് വലയിലാക്കി. ഇറ്റലിയുടെ നിരയില്‍ ലോകം കണ്ട മികച്ച ഡിഫന്റര്‍മാരില്‍ ഒരാളായ ഫ്രാങ്കോ ബരേസിയുടെ കിക്ക് പുറത്തുപോയി. അര്‍ബര്‍ട്ടീനിയും ഇവാനിയും ഗോള്‍ നേടിയെങ്കിലും തുടര്‍ന്നുവന്ന മസാറോയും അവരുടെ ഇതിഹാസ താരം റോബര്‍ട്ടോ ബാജിയോയും പുറത്തേക്കടിച്ചു.

2006-ല്‍ ഫ്രാന്‍സും ഇറ്റലിയുമായിരുന്നു ഫൈനലില്‍. സംഭവബഹുലമായ ഫൈനലിന്റെ ഏഴാം മിനിറ്റില്‍ സിദാന്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. പത്തൊമ്പതാം മിനിറ്റില്‍ മെറ്റരാസി ഗോള്‍ മടക്കി. അധിക സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. കളിയുടെ നൂറ്റിപ്പത്താം മിനിറ്റില്‍ മെറ്റരാസിയെ ഫൗള്‍ ചെയ്തതിന് സിദാന്‍ ചുവപ്പുകാര്‍ഡുകണ്ട് പുറത്തായി. ടൈബ്രേക്കറില്‍ ഇറ്റലിയുടെ പിര്‍ലോ, മെറ്റരാസി, ഡി റോസി, ഡെല്‍പിയറോ ഗ്രോസോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സിന്റെ ട്രസഗേ പന്ത് പുറത്തേക്കടിച്ചു. വില്‍റ്റോഡും അബിദാലും സാഗ്ഗിനും പന്ത് വലിലാക്കി. അങ്ങനെ 3-5 ന് ഫ്രാന്‍സ് പുറത്തായി. ഇപ്പോഴത്തെ ഫ്രാന്‍സിനേക്കാള്‍ മികച്ചതായിരുന്നു സിദാന്റെ ഫ്രാന്‍സ്.

DONT MISS
Top