അക്രമി പെട്രോളൊഴിച്ച് തീവച്ച ധനകാര്യസ്ഥാപന ഉടമ മരിച്ചു

കൊല്ലപ്പെട്ട ഷാജു കുരുവിള

കോഴിക്കോട്: യുവാവ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ പുതുപ്പാടിയിലെ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പൊയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് ഇളവക്കുന്നേല്‍ ഷാജു കുരുവിളയാണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഷാജു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ദേശീയ പാതയോരത്തെ പുതുപ്പാടി കൈതപ്പൊയില്‍ അങ്ങാടിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിയ യുവാവ് ഉടമ ഷാജു കുരുവിളയുടെ ദേഹത്ത് മുളകുപൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേനെ എത്തിയ യുവാവാണ് തീ കൊളുത്തിയതെന്നാണ് കുരുവിള ബന്ധുക്കളെ അറിയിച്ചത്.

ഇരിട്ടി സ്വദേശിയായ സുമേഷ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. ഒന്നര ലക്ഷം രൂപക്കുള്ള സ്വര്‍ണവുമായി എത്തിയ ഇയാള്‍ രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ മടങ്ങിപ്പോയി. ഇയാളുടെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയതിനാല്‍ ഷാജു കുരുവിള വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതേ യുവാവ് വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ സ്വര്‍ണം പണയം വെക്കാനെന്ന വ്യാജേനെ വീണ്ടും എത്തി. കയ്യില്‍ പെട്രോള്‍ കന്നാസുമായാണ് എത്തിയത്. പെട്രോള്‍ മണക്കുന്നുവെന്നും പുറത്ത് കൊണ്ടുപോയി വെക്കണമെന്നും ഷാജു ആവശ്യപ്പെട്ടു. കന്നാസ് പുറത്തുവച്ച് വന്ന ഇയാള്‍ ദേഹത്തേക്ക് മുളകുപൊടി വിതറുകയും ഉടന്‍ തന്നെ പെട്രോള്‍ തന്റെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നുവെന്ന് ഷാജു കുരുവിള ആശുപത്രിയില്‍വച്ച് പൊലീസിന് മൊഴി നല്‍കിയിരുന്നു. സാരമായി പൊള്ളലേറ്റ ഷാജുവിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. താമരശേരി പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

DONT MISS
Top