‘ആരാണ് ഇന്ത്യയുടെ ധനകാര്യമന്ത്രി എന്നതിനെക്കുറിച്ച് കൂടി എഴുതിയാലും’; ജയ്റ്റ്‌ലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി കോണ്‍ഗ്രസ്

ദില്ലി: ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. ആരാണ് ഇന്ത്യയുടെ ധനമന്ത്രി എന്നതിനെക്കുറിച്ച് ജയ്റ്റ്‌ലി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു കുറിപ്പെഴുതണമെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സുര്‍ജേവാല പരിഹസിച്ചു.

1970 കളിലും 80 കളിലും പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും പകരം ജനകീയ പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുടെ മാതൃകയാണ് കോണ്‍ഗ്രസ് പിന്തുടര്‍ന്നതെന്ന് ആരോപിച്ചുകൊണ്ടുള്ള ജയ്റ്റ്‌ലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന് മറുപടി നല്‍കവെയാണ് ജയ്റ്റ്‌ലിയാണോ പീയുഷ് ഗോയലാണോ ഇന്ത്യയുടെ ധനകാര്യമന്ത്രി എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് സുര്‍ജേവാല ആവശ്യപ്പെട്ടത്.

‘ഞാന്‍ വളരെ താഴ്മയോടെ കൈകൂപ്പിക്കൊണ്ട് ജയ്റ്റ്‌ലിയോട് ആവശ്യപ്പെടുകയാണ് ആരാണ് ഇന്ത്യയുടെ ധനകാര്യ മന്ത്രി എന്നതിനെക്കുറിച്ച് ഒരു ഫെയ്‌സ്ബുക്ക് കുറിപ്പെഴുതിയാലും. അദ്ദേഹം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം അതാണ്. ആ നിഗൂഢത അദ്ദേഹം പരിഹരിക്കണം’. അങ്ങേയറ്റം പരിതാപകരമായ ഈ അവസ്ഥയിലേക്ക് സാമ്പത്തിക വ്യവസ്ഥയെ ആരാണ് തള്ളിയിട്ടതെന്ന് എന്നെങ്കിലും ഇന്ത്യയ്ക്ക് അറിയാന്‍ സാധിക്കുമല്ലോയെന്നും സുര്‍ജേവാല പരിഹസിച്ചു. വ്യാവസായിക ഉത്പാദന സൂചിക താഴ്ന്നുവെന്നും കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചെന്നും ആരോപിച്ച സുര്‍ജേവാല ”മോദീണോമിക്‌സ്” വരുത്തിവെച്ച സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുകൂടി ജയ്റ്റ്‌ലി എഴുതണമെന്നും വ്യക്തമാക്കി.

‘ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞതിന് ശേഷം ദയവായി അങ്ങ് ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ് കൂടി എഴുതണം. കുറഞ്ഞത് ആരാണ് ഇന്ത്യയുടെ ധനകാര്യമന്ത്രി എന്നെങ്കിലും. കാരണം ഇവിടെ കൃഷിവകുപ്പിന്റെ ചുമതലകളില്ലാത്ത മന്ത്രി സംസാരിക്കുന്നത് കൃഷിയെക്കുറിച്ച്, കൃഷിമന്ത്രി പറയുന്നത് പ്രതിരോധത്തെക്കുറിച്ച്, പ്രതിരോധമന്ത്രി സാമൂഹിക നീതിയെക്കുറിച്ചും, സാമൂഹിക നീതി വകുപ്പ് മന്ത്രി വിദേശനയത്തെക്കുറിച്ചും സംസാരിക്കുന്നു. വിദേശകാര്യ മന്ത്രിക്കാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഫോളോവേഴ്‌സില്‍ നിന്നുള്ള ട്രോളുകളില്‍ നിന്ന് എങ്ങനെ സ്വയം രക്ഷിക്കാന്‍ ആകുമെന്ന് അറിയാത്ത അവസ്ഥയും. ഇവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്,’ സുര്‍ജേവാല ചോദിച്ചു.

പ്രധാനമന്ത്രിയുടെ മുദ്രാവാക്യം ‘മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഭരണം’ എന്നാണെങ്കിലും നിലവില്‍ സര്‍ക്കാര്‍ തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ധനകാര്യ മന്ത്രിയായിരുന്ന ജയ്റ്റ്‌ലി മെയ് 14 ന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോള്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ റെയില്‍വേ മന്ത്രിയായ പീയുഷ് ഗോയലിനെ പ്രസ്തുത വകുപ്പിന്റെ അധികം ചുമതല ഏല്‍പ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top