കലാശപ്പോരിന് നാളെ കിക്കോഫ്: ഉദിക്കുമോ ലോകഫുട്‌ബോളിന് ഒരു പുതിയ അവകാശി?

മോസ്‌കോ: ലോകം കാത്തിരിക്കുന്ന കാല്‍പ്പന്തിന്റെ കാലാശപ്പോരാട്ടത്തിന് നാളെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ കിക്കോഫ്. ചരിത്രത്തില്‍ ഒരു തവണ ചാമ്പ്യന്‍മാരായിട്ടുള്ള ഫ്രാന്‍സ് കന്നിക്കിരീടം ലക്ഷ്യമിടുന്ന ക്രൊയേഷ്യയെയാണ് നേരിടുക. ഗ്രിസ്മാനും എംബാപ്പേയും നയിക്കുന്ന ഫ്രാന്‍സും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനങ്ങള്‍ അപ്രസക്തമാകും.

പ്രവചനങ്ങള്‍ക്കൊന്നും പ്രസക്തിയുണ്ടാകില്ല കലാശപ്പോരാട്ടത്തില്‍. വിദഗ്ദ്ധന്‍മാരെല്ലാം ഫ്രാന്‍സിനൊപ്പമാണെങ്കിലും ക്രൊയേഷ്യയെ ഒഴിവാക്കുന്നത് ബുദ്ധിയായിരിക്കില്ല. കളിക്കാരുടെ ശാരീരിക ശേഷിയും സാങ്കേതികമായ പൂര്‍ണതയും മാത്രമല്ല, കൃത്യമായ ദിശാബോധവും കളിയോടുള്ള സമീപനവും ക്രൊയേഷ്യയെ ഫ്രാന്‍സില്‍ നിന്ന് ബഹുദൂരം മാറ്റി നിര്‍ത്തുന്നു. മാതൃരാജ്യമായ യുഗോസ്ലാവിയയുടെ നിരന്തരമായ പിളര്‍പ്പിന് കാരണമായ സ്വത്വബോധമാണ് അവരുടെ കരുത്ത്. അത് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അംഗീകരിപ്പിക്കാനുമുള്ള ക്രൊയേഷ്യയുടെ നിതാന്തമായ ശ്രദ്ധ ലോകത്തിന് മുന്നിലുണ്ട്. അതിന്റെ ശ്രദ്ധേയമായൊരു തുടര്‍ച്ചയ്ക്കായിരിക്കും ലുഷ്‌നിക്കി സ്റ്റേഡിയത്തിലും അവര്‍ ശ്രമിക്കുക.

സ്വത്വസ്ഥാപനത്തിന് വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളില്‍ പതം വന്നതാണ് അവരുടെ മനസും ബുദ്ധിയും ശരീരവും. റഷ്യന്‍ ലോകകപ്പിലെ പ്രാഥമിക റൗണ്ട് മുതലുള്ള മത്സരങ്ങളില്‍ ഇത് ദൃശ്യമായിരുന്നു. ഒരു പക്ഷേ അവരുടെ കളിമിടുക്കിനേക്കാള്‍ മേല്‍ക്കൈ നേടിയതും ഇതായിരുന്നു. തോല്‍ക്കാന്‍ മനസില്ലെന്ന ഭാവം. യുദ്ധങ്ങളും പോരാട്ടങ്ങളും അത് സൃഷ്ടിക്കുന്ന അസ്വസ്ഥതകളും പാകപ്പെടുത്തിയതാണ് അവരുടെ ഓരോ ചലനവും നിശ്വാസം പോലും. അവസാനമിനിറ്റുവരെ അവര്‍ പോരാടും. ലൂക്കാ മോഡ്രിച്ചിനെപ്പോലുള്ള വലിയ പേരുകളുണ്ടെങ്കിലും ടീമിലേ ഓരോ കളിക്കാരും അദ്ദേഹത്തിനൊപ്പം ഉയരുന്നവരാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള ക്രൊയേഷ്യയുടെ മത്സരമായിരിക്കും ഒരു പക്ഷേ ഫ്രാന്‍സിന് ആശ്വാസമാകുക. ജയിച്ചെങ്കിലും ഒരു ടീമായി ഉയര്‍ന്നുവരാന്‍ ക്രൊയേഷ്യ അന്ന് പ്രയാസപ്പെട്ടിരുന്നു. അവിശ്വസനീയമായിരുന്നു അന്ന് ഇംഗ്ലണ്ടിന് അവര്‍ അനുവദിച്ച ഒഴിഞ്ഞ പ്രതലങ്ങള്‍. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇംഗ്ലണ്ട് ക്രൊയേഷ്യയെ നിസാരക്കാരുമാക്കിയിരുന്നു. എന്നിട്ടും അവസാന വിജയം ക്രൊയേഷ്യയ്‌ക്കൊപ്പം നിന്നു.

പ്രതിഭയുടെ കാര്യത്തില്‍ ഫ്രാന്‍സ് കൊയേഷ്യയേക്കാള്‍ അല്‍പം മുന്നിലാണെന്നതാണ് വിദഗ്ദ്ധരെ ഫ്രാന്‍സ് പക്ഷപാതികളാക്കുന്നത്. ഗ്രിസ്മാനും എംബാപ്പേയും ജിറൗഡും അത്ഭുതം കാണിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. പക്ഷേ കഴിഞ്ഞ മത്സരങ്ങളില്‍ ഇവരുടെ പ്രകടനം അത്ര കേമമായിരുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടുന്നുമില്ല. ഇവരെ എങ്ങനെ നിരായുധരാക്കന്‍ കഴിയുമെന്ന പഠങ്ങള്‍ കൂടി പഠിച്ചു കൊണ്ടാകും ക്രൊയേഷ്യ വരിക. ഫ്രാന്‍സ് വെറും കളിക്കാരുടെ ടീം മാത്രമാണ്. ക്രൊയേഷ്യ അതിനപ്പുറത്ത് മറ്റുവേറേ ചിലതുകൂടിയാണ്. അതായിരിക്കും ഫൈനലില്‍ തീര്‍പ്പുകല്‍പ്പിക്കുക. അതിനാല്‍ ഫാന്‍സിന്റെ ആരാധകര്‍ ബേജാറാകേണ്ടതില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top