രണ്ടാം ഏകദിനം ഇന്ന്: പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഇംഗ്ലണ്ട്

ലോഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് ലോഡ്‌സില്‍ നടക്കും. വിജയത്തോടെ ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സില്‍ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, പരമ്പരയില്‍ നിലനില്‍ക്കാനുള്ള വിജയം തേടിയാണ് ആതിഥേയര്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞഅ 3.30 നാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ന് വിജയിക്കാനായാല്‍ ട്വന്റി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാന്‍ കഴിയും. തോറ്റാല്‍ ട്വന്റി20യിലെ പോലെ മൂന്നാം മത്സരം ജേതാക്കളെ നിര്‍ണയിക്കും. ലോകറാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആതിഥേയര്‍ക്ക് സ്വന്തം നാട്ടില്‍ പരമ്പര നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. അതിനാല്‍ ഇന്ന് എന്ത് വിലകൊടുത്തും വിജയിക്കാനാവും ശ്രമിക്കുക.

ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്പിന്നിലൂടെ ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കിയ ശേഷം ബാറ്റിംഗ് കരുത്തിലൂടെ ഇന്ത്യ അനായാസം ജയത്തിലേക്ക് കുതിക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ ആവിഷ്‌കരിച്ച് വിജയം കണ്ട തന്ത്രമാണ് ഇന്ത്യ ഇംഗ്ലണ്ടിലും പിന്തുടരുന്നത്. പിച്ച് ബാറ്റിംഗിന് അനുകൂലമായതിനാല്‍ ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാകും ഇഷ്ടപ്പെടുക. പരമ്പരയില്‍ ഇതുവരെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാലിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ഇതും ടോസ് നേടുന്ന ടീമിന്റെ തീരുമാനത്തെ സ്വാധീനിക്കും.

ബാറ്റിംഗില്‍ ഇന്ത്യയോട് കിടപിടിക്കുമെങ്കിലും സ്പിന്‍ മികവ് ഇംഗ്ലണ്ടിനെ പിന്നിലാക്കുന്നു. കുല്‍ദീപ്, ചഹാല്‍ എന്നിവരെ പോലെ മികവുറ്റ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനില്ല. ആദില്‍ റഷീദും മൊയീന്‍ അലിയുമാണ് ആതിഥേയരുടെ സ്പിന്‍ ആയുധങ്ങള്‍. സ്പിന്നിനെ നന്നായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്നില്‍ അവരുടെ തന്ത്രങ്ങളൊന്നും വിലപ്പോകില്ല. പ്രത്യേകിച്ച് ധവാന്‍, രോഹിത്, കോഹ്‌ലി, രാഹുല്‍ തുടങ്ങിയ താരങ്ങള്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍.

ഇരു ടീമുകളും വലിയ മാറ്റങ്ങള്‍ ഇല്ലാതെയാകും രണ്ടാം മത്സരത്തിന് ഇറങ്ങുക.

DONT MISS
Top