കെഎസ്ആര്‍ടിസിയുടെ ഭൂവുടമസ്ഥാവകാശ തര്‍ക്കം: ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഭൂവുടമാവകാശ തര്‍ക്കത്തില്‍ ഭാവി അനിശ്ചിതത്വത്തിലായി 2000 ത്തിലധികം വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം പാപ്പനംകോട് ഗതാഗതവകുപ്പിന് കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ശ്രീചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധി നേരിടേണ്ടി വരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജിന് പാട്ടത്തിന് നല്‍കിയ സ്ഥലം വിട്ടു നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴും വഴങ്ങാന്‍ യൂണിയന്‍ നേതൃത്വം തയാറാകുന്നില്ല.

ഗതാഗതവകുപ്പ് മന്ത്രി അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സൊസൈറ്റിക്ക് കീഴിലാണ് പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ കോളജിന്റെ പ്രവര്‍ത്തനം. 1998 ല്‍ കോളെജും ബോര്‍ഡും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പന്ത്രണ്ടര ഏക്കര്‍ സ്ഥലം 99 വര്‍ഷത്തേയ്ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിന് വിട്ടു നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യഘട്ടം കൈമാറിയ നാലര ഏക്കര്‍ സ്ഥലം മാത്രമാണ് ഇപ്പോഴും കോളെജിന് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള സ്ഥലം വിട്ടു നല്‍കണമെന്ന് സര്‍ക്കാര്‍ പല ഉത്തരവുകളും ഇറക്കിയെങ്കിലും നടപ്പിലാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

സ്ഥലം വിട്ടു നല്‍കിയാല്‍ കെഎസ്ആര്‍ടിസിയുടെ സെന്‍ട്രല്‍ വര്‍ക്‌സ് ഡിപ്പോയുടെ പ്രവര്‍ത്തനം താറുമാറാകുമെന്നാണ് യൂണിയന്‍ നേതാക്കളുടെ വാദം. നിലവില്‍ കണ്ടം ചെയ്ത ബസുകള്‍ കൂട്ടിയിടാന്‍ മാത്രമാണ് സ്ഥലം ഉപയോഗിക്കുന്നത്. അവശിഷ്ടങ്ങള്‍ കുന്നു കൂടിയതോടെ പ്രദേശത്തേയ്ക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

മുമ്പ് മികച്ച നേട്ടമുണ്ടാക്കിയ കോളെജുകളുടെ പട്ടികയില്‍ പോലും ഇടം പിടിച്ച കോളെജാണിത്. എന്നാല്‍ സൗകര്യങ്ങളുടെ കുറവുമൂലം എഐസിടിഇ അംഗീകാരം തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കോളെജിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. സ്ഥലം ലഭിക്കാത്തതിനാല്‍ തന്നെ ലാബ്, ഓഡിറ്റോറിയം, ഗ്രൗണ്ട് അടക്കമുള്ള കാര്യങ്ങളൊന്നും ഇനിയും നിര്‍മാണം പോലുമാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ താമസിക്കാന്‍ പുറത്ത് സ്ഥലം കണ്ടെത്തേണ്ടി വരികയാണ്.

കെഎസ്ആര്‍ടിസിയും കോളെജും ഗതാഗതവകുപ്പിന്റെ ഉടമസ്ഥാവകാശത്തിലുള്ളതാണെങ്കിലും വിട്ടു വീഴ്ചയ്ക്ക് യൂണിയന്‍ നേതൃത്വം തയാറാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും.

DONT MISS
Top