ജിഎന്‍പിസി അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധം, പൊലീസിന് തെളിവുകള്‍ ലഭിച്ചു

തിരുവനന്തപുരം: ജിഎന്‍പിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി സൂചന. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം നടന്നത് ഇതിന്റെ ഭാഗമാണെന്ന് വിവരം.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലൂടെ ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ അഡ്മിന്‍ വിഭാഗം ശ്രമം നടത്തിയെന്നാണ് പൊലീസും എക്‌സൈസ് വകുപ്പും സംശയിക്കുന്നത്. ഇതിനായി മദ്യക്കമ്പനികളില്‍ നിന്ന് ഇവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ അഡ്മിന്‍മാരുടെ ബാങ്ക് അക്കൗണ്ട് അന്വേഷണസംഘം പരിശോധിക്കും. മതസ്പര്‍ധയുണ്ടാക്കുന്നതും കുട്ടികളെ അവഹേളിക്കുന്നതുമായ പോസ്റ്റിട്ടവരുടെ യുആര്‍എല്‍ വിലാസം ലഭിക്കുന്നതിന് പൊലീസ് ഫെയ്‌സ്ബുക് അധികൃതര്‍ക്ക് കത്തയച്ചുവെങ്കിലും ഇതിന് സാങ്കേതിക തടസങ്ങള്‍ നിരവിധിയുണ്ട്.

അതിനിടെ അഡ്മിന്‍മാരായ അജിത്കുമാര്‍, ഭാര്യ വിനിത എന്നിവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നിലവില്‍ ഇരുവരും ഒളിവിലാണ്. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ റിഡക്ഷന്‍ കൂപ്പണ്‍വരെ ഗ്രൂപ്പിലുള്ളവര്‍ക്ക് നല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനികളുമായി രഹസ്യധാരണയുണ്ടായിരുന്നുവെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.

അജിത്കുമാറിന്റെയും ഭാര്യ വിനിതയുടെയും പേരില്‍ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളിലുള്ള മൂന്ന് അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ചയാണ് നേമം പൊലീസ് അജിത്കുമാറിനും വിനിതയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

DONT MISS
Top