സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ ജോജോ ജോസ് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. ബിജെപി പ്രവര്‍ത്തകന്‍ ആണെന്ന വസ്തുത മറച്ചുവെച്ച് ഹര്‍ജി ഫയല്‍ ചെയ്തതിനാലാണ് ഹര്‍ജി തള്ളിയത്. വസ്തുത മറച്ച ഹര്‍ജിക്കാരന്റെ നടപടി തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം ദില്ലി ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രിം കോടതിയെ സമീപിക്കും എന്ന് ജോജോ ജോസ് അറിയിച്ചു.

വ്യാജ രേഖകളും തെറ്റായ വസ്തുതകളും ഹാജരാക്കിയാണ് സിപിഐഎം 1989 ല്‍ രജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചതെന്ന്ആരോപിച്ചാണ് ജോജോ ജോസ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന സിപിഐഎം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം കൊണ്ടത്, പാര്‍ട്ടിയുടെ ഭരണഘടനാ ഭേദഗതി കേന്ദ്ര കമ്മിറ്റി മാത്രമാണ് അംഗീകരിച്ചത് എന്നും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല എന്നും ഹര്‍ജിയല്‍ ആരോപിച്ചിരുന്നു.

ഹര്‍ജിയില്‍ നേരത്തെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ദില്ലി ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്നാല്‍ ഹര്‍ജി നല്‍കിയ ജോജോ ജോസ് ബിജെപി പ്രവര്‍ത്തകന്‍ ആണെന്ന വസ്തുത കോടതിയില്‍ മറച്ച് വച്ചതായി സിപിഐഎമ്മിന് വേണ്ടി ഹാജരായ പിവി ദിനേശ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തകന്‍ ആണ് താന്‍ എന്നായിരുന്നു ജോജോ ജോസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ജോജോ ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും മറ്റും പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ബിജെപി ബന്ധം വ്യക്തമാകും എന്നും ദിനേശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് വസ്തുത മറച്ച ഹര്‍ജിക്കാരന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജോജോ ജോസിന്റെ ഹര്‍ജി തള്ളിയത്.

ദില്ലി ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രിം കോടതിയെ സമീപിക്കും എന്ന് ജോജോ ജോസ് അറിയിച്ചു. 1989 ലെ പാര്‍ട്ടി ഭരണഘടനയുടെ ഭേദഗതി 2018 ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആണ് അംഗീകാരം ലഭിച്ചത് എന്നും ജോജോ ജോസ് അവകാശപ്പെട്ടു.

DONT MISS
Top