കുട്ടികളെ രക്ഷിക്കാന്‍ എലോണ്‍ മസ്‌ക് അന്തര്‍വാഹിനി നിര്‍മിച്ചത് എട്ട് മണിക്കൂറില്‍, പക്ഷെ ആവശ്യം വന്നില്ല


ബാങ്കോക്ക്: തായ് ഗുഹയില്‍ തുടുങ്ങിയ ആ പന്ത്രണ്ട് കുട്ടികളും പുറം ലോകത്തേക്ക് എത്തുമ്പോള്‍ ലോകം മതിമറന്ന് സന്തോഷിക്കുകയാണ്. കുട്ടികള്‍ ഒരോരുത്തരായി പുറത്ത് വരുമ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലോണ്‍ മസ്‌കിന്റെ കുട്ടി അന്തര്‍വാഹിനിയെ കുറിച്ചാണ്. ചെളിയും വെള്ളവും നിറഞ്ഞ ആ ഇരുള്‍ ഗുഹയില്‍ നിന്ന് കുട്ടികളെ പുറംലോകത്തേക്ക് സുരക്ഷിതമായി എത്തിക്കാന്‍ സ്‌പേസ് എക്‌സ് ഈ കുട്ടി അന്തര്‍വാഹിനി നിര്‍മ്മിച്ചത് വെറും എട്ടു മണിക്കൂര്‍ കൊണ്ടാണ്. 17 മണിക്കൂര്‍ കൊണ്ട് എലോണ്‍ മസ്‌ക് അത് തായ്‌ലന്റില്‍ എത്തിക്കുകയും ചെയ്തു.

അന്തര്‍വാഹിനി തായ്‌ലന്റില്‍ പറഞ്ഞ സമയത്ത് എത്തിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് അത് ഉപയോഗിക്കേണ്ടി വന്നില്ല. സ്‌നേഹപൂര്‍വം രക്ഷാപ്രവര്‍ത്തകര്‍ അത് നിരസിച്ചു. അന്തര്‍വാഹിനിയുമായി മസ്‌ക് നേരിട്ട് കുട്ടികള്‍ കുടുങ്ങിയ ഗുഹാമുഖത്തേക്ക് എത്തുകയായിരുന്നു. കുട്ടികളെയും കോച്ചിനെയും രക്ഷിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും ഭാവിയില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കാനായി കുട്ടി അന്തര്‍വാഹിനി രക്ഷാപ്രവര്‍ത്തക സംഘത്തിന് കൈമാറിയാണ് മസ്‌ക് മടങ്ങിയത്. ഇക്കാര്യം മസ്‌ക് ട്വീറ്റ് ചെയ്യുകയും ചെയ്തു.

റോക്കറ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌പേസ് എക്‌സ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്. ഗുഹയില്‍ തട്ടി തകരാതിരിക്കാന്‍ പ്രത്യേക മാതൃകയിലാണ് അന്തര്‍ലവാഹിനി രൂപകല്‍പന ചെയ്തിരിക്കുന്നത്. രണ്ട് പേര്‍ക്ക് ഒരേ സമയം ഈ അന്തര്‍വാഹിനിയില്‍ സഞ്ചരിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. മസ്‌കിന്റെയും ടീമിന്റെയും ഈ ശ്രമത്തെ തായ്‌ലന്റ് പ്രധാനമന്ത്രി അനുമോദിച്ചു. എലോണ്‍ മസ്‌കിനെ പോലൊരാള്‍ ഇത്തരമൊരു ശ്രമവുമായി തായ്‌ലന്റിലേക്ക് എത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് തായ് പ്രധാനമന്ത്രി പറഞ്ഞു.

കുട്ടി അന്തര്‍വാഹിനിയുടെ വീഡിയോ എലോണ്‍ മസ്‌ക് തന്റെ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ കണ്ടത്. കഴിഞ്ഞ മാസം 23 നാണ് 11 നും 16 നും മധ്യേ പ്രായമുളള 12 കുട്ടികളും അവരുടെ ഇരുപത്തിയഞ്ചുകാരനായ ഫുട്ബാള്‍ പരിശീലകനും ഗുഹയ്ക്കുളളില്‍ കുടുങ്ങിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top