തായ് ഗുഹയില്‍ അവശേഷിക്കുന്ന കുട്ടികളെ പുറത്തെത്തിക്കാനുള്ള മൂന്നാംഘട്ട ദൗത്യം ആരംഭിച്ചു; ഇന്നുതന്നെ മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ദൗത്യസംഘം

ബാങ്കോക്ക്: തായ് ഗുഹയില്‍ അവശേഷിക്കുന്ന കുട്ടികളെ പുറത്തെത്തിക്കാനുള്ള മൂന്നാംഘട്ട ദൗത്യം ആരംഭിച്ചു. ഇനി രക്ഷിക്കാനുള്ളത് നാല് കുട്ടികളെയും കോച്ചിനെയുമാണ്. അഞ്ച് പേരെയും ഇന്നുതന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന ഉറപ്പിലാണ് ദൗത്യസംഘം.

ഗുഹയിലുള്ള രണ്ടുപേരെ ഗുഹയ്ക്കുള്ളില്‍ തന്നെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കഴിഞ്ഞു. ഇവരെ ഉടന്‍തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുഹാമുഖത്ത് നിന്ന് 700 മീറ്റര്‍ ഉള്ളിലായി രക്ഷാപ്രവര്‍ത്തകര്‍ ഒരു യുദ്ധമുറി സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകളും നീന്തല്‍ വസ്ത്രങ്ങളും ഭക്ഷണവും മരുന്നുമൊക്കെ കുട്ടികള്‍ക്ക് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ഈ സുരക്ഷിത സ്ഥാനത്തേക്കാണ് രണ്ടുപേരെ എത്തിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി മഴ പെയ്യാതെ മാറി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലായത്. പ്രകൃതി കൂടി കനിഞ്ഞതിനാലാണ് കുട്ടികളെ എളുപ്പത്തില്‍ പുറത്തെത്തിക്കാന്‍ സാധിച്ചത്. കാലാവസ്ഥ പ്രതികൂലമാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ മഴ തുടര്‍ന്നാലും ബാക്കിയുള്ളവരെ ഇന്നുതന്നെ രക്ഷിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദൗത്യസംഗം. ഗുഹയ്ക്കുള്ളില്‍ നിന്ന് വെള്ളം പുറത്ത് കളയാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ച് നിര്‍ദ്ദേശിച്ചതനുസരിച്ച് പതിമൂന്ന് പേരില്‍ ഏറ്റവും ആരോഗ്യം കുറഞ്ഞവരെയാണ് ആദ്യം പുറത്തിറക്കിയത്. ആരോഗ്യനില അനുസരിച്ചാണ് കുട്ടികളെ പുറത്തിറക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്രയും നാള്‍ ഗുഹയ്ക്കുള്ളില്‍ ആയിരുന്നതിനാല്‍ അണുബാധ ഏല്‍ക്കാനുള്ള സാഹചര്യം കണക്കാക്കി കുട്ടികളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ സംഘത്തിലെ നാല് കുട്ടികളെക്കൂടി രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തെത്തിച്ചിരുന്നു. ഇതോടെ രക്ഷപെടുത്തിയ കുട്ടികളുടെ എണ്ണം എട്ടായി. അതിനുമുന്‍പ് നാലുകുട്ടികളെ രക്ഷപെടുത്തിയിരുന്നു. ഇനി നാല് കുട്ടികളെയും പരിശീലകനെയുമാണ് പുറത്തെത്തിക്കാനുള്ളത്.

രക്ഷപെടുത്തിയ കുട്ടികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രക്ഷപെടുത്തിയ കുട്ടികളും ആശുപത്രിയിലാണ്.പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും അത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ നരോങ്‌സാക്ക് വ്യക്തമാക്കി.

കനത്ത മഴ തുടക്കത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ പ്രദേശത്ത് കനത്ത മഴ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ എല്ലാവരെയും ഇന്നുതന്നെ ഗുഹയ്ക്ക് പുറത്ത് എത്തിക്കാനാണ് ദൗത്യസംഘത്തിന്റെ ശ്രമം.

DONT MISS
Top