ഒടുവില്‍ അമ്മയുടെ ‘സാന്ത്വനം’, ആക്രമണത്തെ അതിജീവിച്ച നടിയെ അനുനയിപ്പിക്കാന്‍ ശ്രമം; എക്‌സിക്യൂട്ടീവ് അംഗം നടിയെ കാണും

കൊച്ചി: ഒടുവില്‍ അമ്മ മകള്‍ക്ക് സാന്ത്വനവുമായെത്തുന്നു. ആക്രമണത്തെ അതിജീവിച്ച നടിയെ അനുനയിപ്പിക്കാന്‍ അമ്മയുടെ തീരുമാനം. ഇതിനായി അമ്മ എക്‌സിക്യൂട്ടീവ് അംഗം രചനാ നാരായണന്‍ കുട്ടി ഇന്ന് നടിയെ കാണും. ബാംഗ്ലൂരിലെത്തിയാണ് രചന നടിയെ കണ്ട് സംസാരിക്കുക. നടിയുടെ തെറ്റിദ്ധാരണ മാറ്റുകയാണ് സംഘടനയുടെ പരമപ്രഥാന ലക്ഷ്യം.

ആക്രമണം നടന്ന് ഏകദേശം ഒരു വര്‍ഷം പിന്നിട്ടതിന് ശേഷമാണ് അമ്മ ഇത്തരം മാനുഷികമായ ഒരു സമീപനം നടിയോട് കാണിക്കുന്നത്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സംഘടന തുടക്കം മുതല്‍ സ്വീകരിച്ച നിലപാടുകള്‍ വിന്‍വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അടുത്തിടെ കേസിലെ പ്രതിയും നടനുമായ ദീലിപിനെ സംഘടനയില്‍ നിലനിര്‍ത്താനെടുത്ത തീരുമാനവും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് നടിയെ കാണുന്നതിനും സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും എക്‌സിക്യൂട്ടീവ് അംഗത്തെ ബാംഗ്ലൂരിലേക്ക് അയയ്ക്കുന്നത്.

ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയില്‍ നിന്ന് തനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടി വ്യക്തമാക്കിയിരുന്നു. സംഘടനയില്‍ നിന്ന് ഉണ്ടായ തെറ്റുകള്‍ അറിയുന്നതിനും ഇനി സംഘടന എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നതിനുമാണ് പ്രതിനിധിയെ അയയ്ക്കുന്നത്. വൈകിയ വേളയിലെങ്കിലും നടക്ക് മാനസിക പിന്തുണ നല്‍കുക എന്നതാണ് അമ്മ ഉദ്ദേശിക്കുന്നത്.

അമ്മയിലെ വനിതാ അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും അഞ്ചംഗ സബ്കമ്മറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ നേതൃത്വത്തിലാണ് സബ്കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ അമ്മയുടെ അനൗദ്യോഗികമായ എക്‌സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതിലും ദിലീപിനെ പൂര്‍ണമായും തള്ളാത്ത നിലപാടാണ് സ്വീകരിച്ചത്. തിരികെ വരാന്‍ തയ്യറാകാത്തതിനാല്‍ ദിലീപ് സംഘടനയ്ക്ക് പുറത്താണെന്നാണ് മോഹന്‍ലാല്‍ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. കുറ്റവിമുക്തനാകുന്നത് വരെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നു എന്ന് പറയാനുള്ള ആര്‍ജ്ജവം സംഘടന ഇനിയും കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top