‘മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നമ്മള്‍ കണ്ടത്’; നിഷ സാരംഗിനെ തിരികെ എടുത്താലോ സംവിധായകനെ പുറത്താക്കിയാലോ ആ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെന്ന് ശാരദക്കുട്ടി

കൊച്ചി: നിഷ സാരംഗിന്റേത് ഒരു സീരിയല്‍ നടിയുടെ പ്രശ്‌നമല്ലെന്നും തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവനത്തിന്റെ പ്രശ്‌നമാണെന്നും എഴുത്തുകാരി ശാരദക്കുട്ടി. നിഷയെ തിരികെ സീരിയലില്‍ എടുത്താലോ ആരോപണ വിധേയനായ സംവിധായകനെ ആ സീരിയലില്‍ നിന്ന് പുറത്താക്കിയാലോ ആ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നമ്മള്‍ കണ്ടതെന്നും ശാരദക്കുട്ടി ആരോപിച്ചു. നിഷാ സാരംഗ് പുറത്തു പറഞ്ഞത് വര്‍ഷങ്ങളുടെ സഹനത്തിനൊടുവിലാണ് ആ സമ്മര്‍ദ്ദം അവരില്‍ പ്രകടമാണ്. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടികള്‍ കലാരംഗത്ത് അതിജീവനത്തിന് കൈകാലിട്ടടിക്കേണ്ടി വരുന്നുവെന്നത് ഒരു ചാനല്‍ മുതലാളിക്കും ഭൂഷണമല്ല, ശാരദക്കുട്ടി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

സീരിയല്‍ നടിയുടെ പ്രശ്‌നമല്ല, തൊഴിലെടുക്കുന്ന സ്ത്രീയുടെ അതിജീവന പ്രശ്‌നമാണ്. അതിനാല്‍ പൊതുപ്രശ്‌നമാണ്. നിഷാ സാരംഗിനെ തിരികെ ഉപ്പും മുളകും സീരിയലില്‍ എടുത്താല്‍ തീരുന്ന ഒരു ചെറിയ വിഷയമല്ല ഇത്. ആരോപണ വിധേയനായ സംവിധായകനെ ആ പ്രത്യേക സീരിയലില്‍ നിന്നു പുറത്താക്കിയാലും ആ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല.

ഒരു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് നമ്മള്‍ കണ്ടത്. നിഷാ സാരംഗ് പുറത്തു പറഞ്ഞത് വര്‍ഷങ്ങളുടെ സഹനത്തിനൊടുവിലാണ്. ആ സമ്മര്‍ദ്ദം അവരില്‍ പ്രകടമാണ്. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടികള്‍ കലാരംഗത്ത് അതിജീവനത്തിന് കൈകാലിട്ടടിക്കേണ്ടി വരുന്നുവെന്നത് ഒരു ചാനല്‍ മുതലാളിക്കും ഭൂഷണമല്ല. ചിലത് ശ്രദ്ധിക്കണം

1. പല തവണ ചാനലുടമയോടും ഭാര്യയോടും നിഷ പരാതി പറഞ്ഞു.സെറ്റിലെല്ലാവര്‍ക്കും ഈ സംഭവങ്ങള്‍ അറിയാമായിരുന്നു എന്നിട്ട് എന്തു ചെയ്തു? ഇവര്‍ പരസ്യമായി മറ്റൊരു ചാനലിലൂടെ പൊട്ടിക്കരയുന്നതു വരെ. ഇവരൊക്കെ എന്തു ചെയ്യുകയായിരുന്നു?

2. പരസ്യമായി ഒരു സ്ത്രീ താന്‍ നിരന്തരം അപമാനിക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ മറ്റൊരു പരാതിയും ലഭിക്കാതെ തന്നെ പൊലീസിന് കേസ് എടുക്കാം. നിയമ വ്യവസ്ഥ അതനുവദിക്കുന്നുണ്ട്. എന്നാണ് നമ്മുടെ പൊലീസ്, ജനമൈത്രി എന്ന വാക്കിന്റെ അര്‍ഥം മനസ്സിലാക്കുക.

4. ഒത്തു തീര്‍പ്പു ചര്‍ച്ച തത്കാലം മുഖം രക്ഷിക്കാന്‍ ഉള്ള നടപടി മാത്രമെന്നും പിന്നാലെ വരുന്ന സംഭവങ്ങള്‍ നിഷക്ക് അനുകൂലമാകാനിടയില്ലെന്നും സംവിധായകന് അനുകൂലമായിരിക്കുമെന്നും അനുമാനിക്കാനേ സമീപപൂര്‍വ്വകാല സംഭവങ്ങളുടെ വെളിച്ചത്തില്‍ പറയാനാകൂ.

ചാനല്‍ മുതലാളിയെയും സംവിധായകനെയും പൊതുജനമധ്യത്തില്‍ ‘വിചാരണ’ക്ക് അവസരമുണ്ടാക്കിയവള്‍ എന്ന നിലയില്‍ കലാരംഗത്തെ ആ സ്ത്രീയുടെ നിലനില്‍പ്പ് ദുഷ്‌കരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വ്രണിത പൗരുഷമെന്നത് എന്തെന്ന് അധികാരികള്‍ കാണിച്ചു തരാതിരിക്കുമെന്നു തോന്നുന്നുണ്ടോ? ‘സത്യധര്‍മ്മാദി വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സര്‍പ്പത്തേക്കാള്‍ ഏറ്റവും പേടിക്കേണം’ എന്ന് എഴുത്തച്ഛനാണ് പറഞ്ഞത്. തീര്‍ച്ചയായും നിഷക്ക് ഭയക്കാനുണ്ട്. തൊഴില്‍ മുട്ടിക്കുക എന്നത് കുടുംബം പുലര്‍ത്തേണ്ട ഒരു സ്ത്രീക്കു കിട്ടാവുന്ന വലിയ ശിക്ഷയായിരിക്കും.

5. ജനാധിപത്യ പ്രകമത്തില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെയല്ല പരിഹരിക്കപ്പെടേണ്ടത്.നിയമ പുസ്തകത്തില്‍ കാര്യങ്ങള്‍ കൃത്യമായി പറയുന്നുണ്ട്. അതു നടപ്പാക്കാന്‍ പൊലീസും നടപ്പാക്കുന്നുണ്ടോ എന്നന്വേഷിക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥമാണ്.

6. ഇനിയും ആ മേഖലയില്‍ പെണ്‍കുട്ടികളുണ്ട്. അവര്‍ കരഞ്ഞും വിളിച്ചും വന്ന് പുറത്തു പറയുന്നതിനു മുന്‍പ്, അവരുടെ തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കണം.

ഈ വ്യവസായ മേഖലക്കു പുറത്തു നില്‍ക്കുന്ന ഒരാളിന്റെ ആശങ്കകളും ഉത്കണ്ഠകളും ആണിത്. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ അവിടെയുണ്ട്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഒരു പെണ്‍കുട്ടിയും ശരീരത്തില്‍ അനാവശ്യ സ്പര്‍ശങ്ങള്‍ ഏല്‍ക്കേണ്ടി വരരുത്. അധിക്ഷേപ വാക്കുകള്‍ കേള്‍ക്കേണ്ടി വരരുത്. കണ്ണും മുഖവും വീങ്ങി സന്തോഷം അഭിനയിക്കേണ്ടി വരരുത്, ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top