ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും; പ്രതിസന്ധികള്‍ക്കിടയിലും ആത്മവിശ്വാസത്തോടെ തായ് നാവികസേന

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇന്നലെ നടത്തിയ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാല് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചു. ഇവരെ ചിയാംഗ് റായിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുറത്തെത്തിച്ച കുട്ടികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇനി എട്ട് കുട്ടികളും കോച്ചുമാണ് ഗുഹയ്ക്കുള്ളിലുള്ളത്. ഇതില്‍ രണ്ട് കുട്ടികളെ ഗുഹയ്ക്കുള്ളില്‍ തന്നെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കഴിഞ്ഞു. ഇവരെ ഉടന്‍തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുഹാമുഖത്ത് നിന്ന് 700 മീറ്റര്‍ ഉള്ളിലായി രക്ഷാപ്രവര്‍ത്തകര്‍ ഒരു യുദ്ധമുറി സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറുകളും നീന്തല്‍ വസ്ത്രങ്ങളും ഭക്ഷണവും മരുന്നുമൊക്കെ കുട്ടികള്‍ക്ക് എത്തിക്കുന്നത് ഇവിടെ നിന്നാണ്.

ഗുഹയുടെ നാല് കിലോമീറ്റര്‍ ഉള്‍ഭാഗത്തായിട്ടുള്ള കുട്ടികളെ ഈ യുദ്ധമുറിക്ക് സമീപം വരെ എത്തിച്ചുകഴിഞ്ഞാല്‍ പിന്നെ പുറത്തെത്തിക്കുന്നത് വളരെ എളുപ്പം സാധിക്കും. എന്നാല്‍ ഇവിടെ വരെ എത്തിക്കുന്നത് അതിസാഹസമാണ്. ശക്തമായ മഴ പെയ്യുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ രണ്ട് ദിവസമായി മഴ പെയ്യാതെ മാറി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലായത്. പ്രകൃതി കൂടി കനിഞ്ഞതിനാലാണ് നാല് കുട്ടികളെ പുറത്തെത്തിക്കാന്‍ സാധിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചകളിലായി തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയിലേക്ക് ലോകത്തെ ഏറ്റവും പ്രഗത്ഭരായ നീന്തല്‍ക്കാരും ഗുഹാവിദഗ്ധരുമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഗുഹകവാടത്തിനു സമീപം രക്ഷപ്പെടുത്തുന്ന കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സും ഹെലികോപ്റ്ററും പുറത്ത് സജ്ജമാണ്. കൂടാതെ ഗുഹയുടെ കവാടത്തിന് സമീപം തായ്‌ലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ, ചൈന, യൂറോപ്പ് എന്നിവടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്നലെ പ്രദേശിക സമയം രാവിലെ പത്ത് മണിയോടെയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഗുഹയിലേക്ക് പ്രവേശിച്ചത്. 18 നീന്തല്‍ വിദ്ഗദരായിരുന്നു ഗുഹയ്ക്ക് അകത്തേക്ക് പ്രവേശിച്ചത്. ആദ്യ കുട്ടിയെ പുറത്തുകൊണ്ടുവരാന്‍ 11 മണിക്കൂര്‍ സമയം വേണം എന്നതായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. പ്രദേശിക സമയം വൈകുന്നേരം 5.30 ഓടെയാണ് ആദ്യ രണ്ട് കുട്ടികള്‍ പുറത്തെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. 7.40 ഓടെ മൂന്നാമത്തെ കുട്ടിയും 7.50 ന് നാലാമത്തെ കുട്ടിയും പുറത്തെത്തി.

ഇടുങ്ങിയ അതീവ ദുര്‍ഘടമായ വഴികള്‍ പിന്നിട്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ കുട്ടികളെ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഗുഹയില്‍ വായുസഞ്ചാരം കുറവാണ്. വളഞ്ഞുംപുളഞ്ഞുമുള്ള വഴികളും ഇടുങ്ങിയ പാറക്കെട്ടുകളുമൊക്കെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാകുകയാണ്. വെള്ളവും ചെളിയും നിറഞ്ഞ കുഴികളിലും ശക്തമായ അടിയൊഴുക്കളുമൊക്കെ പിന്നിട്ടാണ് കുട്ടികളെ രക്ഷപ്പെടുത്തേണ്ടത്. രക്ഷാ പ്രവര്‍ത്തകന്റെ ദേഹത്തോട് ചേര്‍ത്തുനിര്‍ത്തിയ വിധത്തിലാണ് കുട്ടികളെ ഓരോരുത്തരെയായി പുറത്തേക്ക് കടത്താന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇടുങ്ങിയ വഴികളില്‍ ഒരേസമയം രണ്ടുപേര്‍ക്ക് കടക്കാന്‍ കഴിയാത്തത് വെല്ലുവിളിയാകുന്നുണ്ട്. ഇതിനാല്‍ കുട്ടിയുടെ പുറകിലും മുന്‍പിലുമായി രക്ഷാപ്രവര്‍ത്തകര്‍ വേണ്ടിവരുന്നു. ഇതൊക്കെയും രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം നേരിടാന്‍ കാരണമാകുന്നു. ചെറിയ പിഴവുകള്‍ പോലും ദുരന്തത്തിന് കാരണമായേക്കുമെന്നതിനാല്‍ വളരെയധികം ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തങ്ങളുടെ ദൗദ്യം നിരവേറ്റുന്നത്.

നിലവില്‍ ഗുഹയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രവൃത്തി തുടരുകയാണ്. ഇതുവരെ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പുറത്തുകളഞ്ഞത്. രക്ഷാപ്രവര്‍ത്തകര്‍ തങ്ങളുടെ അതിസാഹസിക ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കഴിഞ്ഞ ദിവസം തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായത് തിരിച്ചടിയായിരുന്നു. കുട്ടികളെ കണ്ട് മടങ്ങവെ ഗുഹയ്ക്കുള്ളില്‍ വച്ച ഓക്‌സിജന്‍ തീര്‍ന്ന് ശ്വാസം കിട്ടാതെയാണ് അദ്ദേഹം മരിച്ചത്.

പ്രതിസന്ധികള്‍ക്കിടയിലും നാലേ പേരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മഴ മാറി നില്‍ക്കുകയാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തായ് നാവിക സേന.

കഴിഞ്ഞ മാസം 23 നാണ് വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയില്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും സന്ദര്‍ശനത്തിന് എത്തിയത്. കനത്ത മഴയെ തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെ അവര്‍ ഗുഹയില്‍ അകപ്പെട്ടു. ഗുഹയില്‍ വെള്ളം ഉയര്‍ന്നതോടെ കുട്ടികളും കോച്ചും പാറയില്‍ അഭയം തേടി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആദ്യ ദിവസം തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഒന്‍പതാം ദിവസമാണ് കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തുന്നത്.

DONT MISS
Top