ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരായ ലൈംഗികാരോപണക്കേസില്‍ ഇന്ന് നിര്‍ണായക ദിനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ പ്രതികളായ ബലാല്‍സംഗക്കേസില്‍ ഇന്ന് നിര്‍ണായക ദിനം. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും. ജാമ്യാപേക്ഷ തള്ളിയാലുടന്‍ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കുമ്പസാര രഹസ്യം പുറത്ത് വിട്ട് നടത്തിയ പീഡന കേസിലെ പ്രതികളായ വൈദികരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. തെളിവെടുക്കല്‍ ഏതാണ്ട് പൂര്‍ത്തിയായെന്ന വിവരവും കോടതിയെ ധരിപ്പിക്കും. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ അറസ്റ്റ് നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടക്കും. ഇതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തി. വൈദികര്‍ എവിടെയുണ്ടെന്ന വ്യക്തമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.

ബലാല്‍സംഗം നടന്നുവെന്ന് യുവതിയുടെ മൊഴില്‍പ്പറയുന്ന സ്‌കൂള്‍ ബോര്‍ഡിങ്ങിലും, കോട്ടയം കറുകച്ചാലിലെ ആശ്രമത്തിലും ഇന്ന് യുവതിയെ എത്തിച്ച് തെളിവെടുക്കും. ബലാല്‍സംഗം നടന്ന കാലയളവില്‍ വൈദികര്‍ ജോലി ചെയ്തിരിരുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സഭാരേഖകളില്‍നിന്ന് ശേഖരിക്കുന്ന ജോലിയും അന്തിമഘട്ടത്തിലാണ്.

ഇരയായ യുവതി സഭയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ ബലാല്‍സംഗം ചെയ്തുവെന്ന പരാമര്‍ശമില്ലായെന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയിലും , മജിസ്‌ട്രേറ്റിന് മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയിലും കഴിഞ്ഞ ദിവസം ദേശീയ വനിതാകമ്മീഷന് മൊഴിയിലും ബലാല്‍സംഗം നടന്നുവെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top