ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്ക് എതിരായ ലൈംഗിക ആരോപണം; വിശ്വാസികള്‍ക്ക് കതോലിക ബാവയുടെ കത്ത്

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡന കേസില്‍ ആശങ്ക രേഖപ്പെടുത്തി വിശ്വാസികള്‍ക്ക് കാതോലിക ബാവയുടെ കത്ത്. വൈദികര്‍ക്ക് എതിരായ ആരോപണം ഗുരുതരമെന്ന് പറഞ്ഞ ബാവ സഭയ്‌ക്കെതിരായ ഗൂഢാലോചനയാണെങ്കില്‍ വിശ്വാസികള്‍ ജാഗ്രതയോടെയിരിക്കണം എന്ന് പറയുന്നുണ്ട്. എന്നാല്‍ കത്തില്‍ പീഡനത്തിനിരയായ യുവതിയെക്കുറിച്ച് പരാമര്‍ശമില്ലാത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.

സഭയിലെ വൈദികര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് പറഞ്ഞാണ് ബസേലിയോസ് പൗലോസ് കാത്തോലിക്ക ബാവ വിശ്വാസികള്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്. പൗരോഹിത്യത്തെ അവഹേളിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നോ എന്ന സംശയം പലര്‍ക്കുമുണ്ട്. ആയതിനാല്‍ സഭാ വിശ്വാസികള്‍ ജാഗരൂകരായിരിക്കണം. സഭയ്‌ക്കെതിരായ ഗൂഢാലോചനകളെ വിശ്വാസികള്‍ തിരിച്ചറിയണം. പാപത്തെ വെറുക്കുകയും പാപിയെ സ്‌നേഹിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ മാതൃക പിന്തുടരണമെന്നും ബാവ വിശ്വാസികളോട് കത്തിലൂടെ പറയുന്നു.

എന്നാല്‍ ഇരയായ സ്ത്രീയോട് സഹതപിക്കാനോ , അവരെ കുറിച്ച് പരാമര്‍ശിക്കാനോ സഭാ തലവന്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കുമ്പസാരം പോലുള്ള സഭാ രീതികളില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടും ബാവ വ്യക്തമാക്കുന്നുണ്ട്. പരമ്പരാഗതമായ ആചാരങ്ങളെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലാഘവത്തോടെ കാണരുത്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സഭ വൈദികരെ സംരക്ഷിക്കില്ലെന്നും എന്നാല്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടരുതെന്നും ബാവ പറയുന്നു. ബാവയുടെ കത്ത് അടുത്ത ദിവസം പള്ളികളില്‍ വായിക്കും.

DONT MISS
Top