പരമ്പര തേടി ഇന്ത്യ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 ഇന്ന്

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 ഇന്ന് കാര്‍ഡിഫില്‍ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0 ത്തിന് മുന്നിലാണ്. ഇന്ന് വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് മത്സരം.

ആദ്യമത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാകും കോഹ്‌ലിയും സംഘവും ഇന്നിറങ്ങുക. ഓള്‍ഡ് ട്രഫോര്‍ഡില്‍ ബൗളിംഗും ബാറ്റിംഗും ഒരു പോലെ തിളങ്ങിയ ആദ്യമത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.

സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ലോകേഷ് രാഹുലും(101), നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവുമാണ് ഇന്ത്യയക്ക് അനായാസ വിജയം സമ്മാനിച്ചത്. ട്വന്റി20 കൂടാതെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടെസ്റ്റുകളുമടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.

DONT MISS
Top