കേസുകള്‍ വീതിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ്ജസ്റ്റിസിനെന്ന് സുപ്രിം കോടതി

സുപ്രിം കോടതി

ദില്ലി: സുപ്രിം കോടതിയിലും ഹൈക്കോടതികളിലും കേസുകള്‍ വീതിച്ചു നല്‍കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനെന്ന് കോടതി. കേസുകള്‍ വീതിച്ചു നല്‍കുന്നത് കൊളീജിയം ആകണം എന്ന മുന്‍ നിയമ മന്ത്രി ശാന്തി ഭൂഷണ്‍ന്റെ ആവശ്യമാണ് സുപ്രിം കോടതി ജഡ്ജിമാരായ എകെ സിക്രിയും അശോക് ഭൂഷനും അടങ്ങുന്ന ബെഞ്ച് തള്ളിയിരിക്കുന്നത്. കോടതിയില്‍ കേസുകള്‍ വിഭചിച്ച് നല്‍കുന്നതിന്റെ പരമാധികാരി ചീഫ് ജസ്റ്റിസാണ് എന്ന് എട്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണ ആണ് സുപ്രിം കോടതി ആവര്‍ത്തിക്കുന്നത്.

കൊളീജിയം കേസുകള്‍ വിഭജിച്ച് നല്‍കുന്നത് അപ്രായോഗികമാണ്. കൊളീജിയം ജഡ്ജിമാര്‍ക്കിടയില്‍ കേസുകള്‍ ഒരു പോലെ വിഭജിക്കാന്‍ ആകില്ല. കേസുകള്‍ വിഭജിക്കാന്‍ എല്ലാ ദിവസവും കൊളീജിയം യോഗം ചേരുക എന്നതും പ്രായോഗികമല്ല. കോടതി കാര്യങ്ങളില്‍ വക്താവ് ചീഫ് ജസ്റ്റിസ് ആണ്. കോടതിയിലെ അച്ചടക്കം ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് തന്നെ കേസുകള്‍ വിഭജിച്ച് നല്‍കണം. സഹ ജഡ്ജിമാരുടെ ശേഷി, താല്പര്യം, വൈദഗ്ദ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് കേസുകള്‍ അനുവദിക്കേണ്ടത്. അത് അദ്ദേഹത്തിന്റെ വിവേകത്തിന് വിടുന്നുവെന്ന് ജസ്റ്റിസ് എകെ സിക്രി ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഭരണഘടനയില്‍ ചീഫ് ജസ്റ്റിസിന്റെ കടമ നിര്‍വചിച്ചിട്ടില്ല. എന്നാല്‍ കോടതിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും ഭരണ ചുമതല ചീഫ് ജസ്റ്റിസിനാണെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുന്നത് വലിയ ഭീഷണിയാണെന്ന് വിധിന്യായത്തില്‍ ജസ്റ്റിസ് എകെ സിക്രി രേഖപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വിധി എന്ന നിലയിലാണ് ഈ വിഷയത്തില്‍ ജസ്റ്റിസ് അശോക് ഭൂഷന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കേസുകള്‍ വീതിച്ചു നല്‍കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന കീഴ്‌വഴക്കങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല എന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞത്. ജഡ്ജിയും സമൂഹജീവിയാണ്. താത്പര്യങ്ങള്‍ കാണാം. വിദ്യാഭ്യാസവും പരിശീലനങ്ങളും കൊണ്ടേ ഇത് തടയാനാകൂ എന്നും അദ്ദേഹം തന്റെ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top